കൊച്ചി:നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് നവ്യാ നായര്‍. അവസാനകാലത്ത് തനിക്ക് ഒന്ന് വന്നുകാണാന്‍ സാധിച്ചില്ലെന്നും മാപ്പ് നല്‍കണമെന്നും അവര്‍ പറഞ്ഞു
വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ .. അവസാന സമയത്ത് ഒന്ന് വന്നു കാണാന്‍ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല .. ഇപ്പോള്‍ പിരിയുമ്പോഴും നാട്ടില്‍ ഞാന്‍ ഇല്ലാ … എനിക്ക് പക്ഷേ ഞാന്‍ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓര്‍മയില്‍ സൂക്ഷിക്കാന്‍ .. എന്റെ മുന്നില്‍ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാന്‍ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓര്‍മകള്‍ .. സ്‌നേഹം മാത്രം തന്ന പൊന്നുസേ .. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം .. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തില്‍ ചിലതൊക്കെ തീര്‍ത്താല്‍ തീരാത്ത വേദനയായല്ലോ !
അതേസമയം, നടി കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം നാളെ രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ നടക്കും. വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിലാണ് സംസ്‌കാരം.
കവിയൂര്‍ തെക്കേതില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും ആദ്യ സന്താനമായി 1944 ജനുവരി 6നാണ് (കൊല്ലവര്‍ഷം 1120 ധനുമാസത്തിലെ പൂരം നക്ഷത്രം) ജനനം. ആറ് സഹോദരങ്ങള്‍ ഉണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസുള്ളപ്പോള്‍ ജന്മനാടായ കവിയൂരില്‍നിന്ന് കോട്ടയം പൊന്‍കുന്നത്തേക്ക് താമസം മാറി. ഒന്‍പതുവയസുവരെ പൊന്‍കുന്നത്തും പിന്നീട് ചങ്ങനാശ്ശേരിയിലും താമസിച്ചു. സിനിമയില്‍ സജീവമായതോടെ 37 വര്‍ഷം മദ്രാസില്‍ താമസിച്ചു. പിന്നീട് തിരിച്ചെത്തി ആലുവയില്‍ പെരിയാറിന്റെ തീരത്ത് പണികഴിപ്പിച്ച വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഏക മകള്‍ ബിന്ദു. മരുമകന്‍ വെങ്കട്ടറാം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണില്‍ പ്രഫസറാണ്. അന്തരിച്ച നടി കവിയൂര്‍ രേണുക സഹോദരിയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ കവിയൂര്‍ പൊന്നമ്മ സേവ് ലൈഫ് എന്ന ചാരിറ്റബള്‍ ട്രസ്റ്റിന്റെ രക്ഷാധികാരിയും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു.