നവ്യനായര്‍ ‘ആറാടുക’യാണ്,തീയായ് ഒരുത്തീ..ഇത് കാണേണ്ട സിനിമ
കൊച്ചി: 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അസാധാരണ തിരിച്ചുവരികയാണ് മലയാളത്തിന്റെ പ്രിയതാരം വന്യാനായര്‍.നന്ദനത്തിലെ ബാലാമണി രാധാമണിയായപ്പോള്‍ വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ നവ്യ നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’ എന്ന സിനിമയെ ‘തീ’ എന്നു തന്നെ വിശേഷിപ്പിക്കാം. നമ്മുടെ ചുറ്റിലും കാണുന്ന സ്ത്രീകളില്‍ ഒരാളാണ് രാധാമണി. പക്ഷേ ഏതൊരു സാഹചര്യത്തോടും പോരാനാടുള്ള തീ അവളിലുണ്ട്. അല്ലെങ്കില്‍ സാഹചര്യം അവളില്‍ ആ തീ പടര്‍ത്തുന്നു. അതിന്റെ കരുത്തില്‍ അവള്‍ പ്രതിസന്ധികളോട് പോരാടുന്നു. ആ കാഴ്ചയാണ് ഒരുത്തി.
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ബോട്ടില്‍ ടിക്കറ്റ് കലക്ടര്‍ ആണ് രാധാമണി (നവ്യനായര്‍). ഭര്‍ത്താവ് ശ്രീകുമാര്‍ (സൈജു കുറുപ്പ്) ഗള്‍ഫില്‍ ഗ്രാഫിക് ഡിസൈനറാണ്. രണ്ടു മക്കളും ഭര്‍ത്താവിന്റെ അമ്മയുമാണ് രാധാമണിക്ക് ഒപ്പമുള്ളത്. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും സന്തുഷ്ടവും സമാധാനപൂര്‍ണവുമായ ജീവിതം. പുതിയ വീട് എന്ന സ്വപ്നവുമായി മുന്നോട്ട് പോകുന്ന ഇടത്തരം കുടുംബം. ഇതിനിടിയില്‍ ഭര്‍ത്താവിന്റെ ഗള്‍ഫിലെ ജോലി നഷ്ടപ്പെടുന്നു. അവിടെനിന്നു മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്രീകുമാര്‍. എന്നാല്‍ മകള്‍ക്ക് സംഭവിക്കുന്ന ചെറിയൊരു അപകടം രാധാമണിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമം വലിയൊരു ചതിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിവിലേക്ക് രാധാമണിയെ എത്തിക്കുന്നു. അതില്‍നിന്നു പുറത്തു കടത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് അവളെ എത്തിക്കുന്നത്.
രാധാമണിയും കുടുംബവും ചതിക്കുഴിയില്‍നിന്നു പുറത്തു കടക്കാന്‍ നടത്തുന്ന ശ്രമമാണ് പ്രധാന കഥാതന്തുവെങ്കിലും അതിനുമപ്പുറം മറ്റു പലകാര്യങ്ങളും സിനിമയില്‍ കൂട്ടിച്ചേര്‍ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ജനാധിപത്യം വില്‍പ്പനച്ചരക്കാകുന്നതും സാധാരണക്കാരനു നീതി നിഷേധിക്കപ്പെടുന്നതും സ്വാധീനമുള്ളവര്‍ക്ക് എന്തും ചെയ്യാമെന്നതുമായ സാഹചര്യം. എംഎല്‍മാര്‍ക്ക് കോടികള്‍ വിലയിരുന്ന റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം കുടുംബത്തിന് വേണ്ടി ഓടിനടക്കുന്ന രാധാമണിയുടെ ജീവിതം പറയുന്നത്. അതുകൊണ്ട് സ്ത്രീകളുടെ മാത്രമല്ല പൗരന്മാരുടെ പ്രതിനിധിയായി രാധാമണിയെ സങ്കല്‍പിക്കാനുള്ള സാധ്യത സിനിമ തുറന്നിടുന്നുണ്ട്.
നവ്യ നായരുടെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. 10 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണ് നവ്യ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രാധാമണിയുടെ സംഘര്‍ഷവും നിസ്സഹായതയും പോരാട്ടവും മറ്റൊരാള്‍ക്ക് ചെയ്തു ഫലിപ്പിക്കാനാവുമോ എന്നു പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന വിധം അനായാസമായ അഭിനയത്തിലൂടെ അത് ഗംഭീരമാക്കാന്‍ നവ്യയ്ക്ക് സാധിച്ചു. ഈ വരവില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കും സന്തോഷിക്കാം, കയ്യടിക്കാം. കാരണം കൂടുതല്‍ മികച്ച അഭിയമൂഹൂര്‍ത്തങ്ങള്‍ മലയാള സിനിമയ്ക്ക് നവ്യ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
എസ്.ഐ.ആന്റണിയെ അവതരിപ്പിച്ച വിനായകന്റെ പ്രകടനവും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റണി പരുക്കാനാണ്. പക്ഷേ അയാള്‍ക്ക് സഹജീവികളുടെ വേദന അറിയാം. നിയമം നോക്കുകുത്തി ആകുന്നതും ജനാധിപത്യം വില്‍പ്പനച്ചരക്കാകുമ്പോള്‍ എസ്‌കോര്‍ട്ട് പോകേണ്ടി വരുന്നതുമെല്ലാം അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ഇത്തരത്തില്‍ സങ്കീര്‍ണമായ ഒരു കഥാപാത്രത്തെയാണ് വിനായകന്‍ തന്മയതത്വത്തോടെ അവതരിപ്പിച്ചത്. സൈജു കുറുപ്പ്, സന്തോഷ്, കെപിഎസി ലളിത, മുകുന്ദന്‍ എന്നിവരും മികച്ച പ്രകടനം നടത്തിയിരിക്കുന്നു.
രാധാമണിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പ്രേക്ഷകരില്‍ നിറയുന്ന ആശങ്ക വി.കെ പ്രകാശ് എന്ന സംവിധായകന്റെ മികവിന്റെ തെളിവാണ്. പ്രവചനാധീതമായവയല്ല, സാധാരണ സംഭവങ്ങളാണ് കഥയിലുള്ളത്. ഒരുപാട് ബഹളമില്ലാതെ, രക്തം പൊടിയാതെ, തല്ലില്ലാതെ പ്രേക്ഷക മനസ്സില്‍ സംഘര്‍ഷം നിറയ്ക്കാന്‍ സാധിച്ചത് സംവിധായകന്റെ കയ്യടക്കവും അനുഭവസമ്പത്തും വ്യക്തമാക്കുന്നു. യഥാര്‍ഥ സംഭവത്തില്‍നിന്നു പ്രചോദനം ഉള്‍കൊണ്ട് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയും എടുത്ത പറയേണ്ടതാണ്. ഗാനങ്ങള്‍ സിനിമയോട് വിളക്കിച്ചേര്‍ത്തിരിക്കുകയാണ്. ആസ്വദിക്കാനല്ല, ആശയം കൈമാറാനാണ് അവ ഉപയോഗിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.
സ്ത്രീകള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്നല്ല, എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ഒരുത്തി. കാരണം രാധാമണിയെ നിങ്ങള്‍ അറിയും. രാധാമണിയുടെ അവസ്ഥകള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. അത് അനുഭവിക്കാനാകും.