മരക്കാര്‍ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് സിനിമ കാണാന്‍ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാന്‍ സിനിമ ആസ്വദിച്ചു; മരക്കാര്‍ കണ്ട സന്തോഷം പങ്കുവെച്ച് നവ്യാ നായര്‍
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നടി നവ്യ നായര്‍. ചിത്രത്തെ പറ്റി ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് തിയറ്ററില്‍ പോയതെന്നും എന്നാല്‍ താന്‍ സിനിമ വളരെയധികം ആസ്വദിച്ചുവെന്നും നവ്യ പറയുന്നു.
‘ഇന്നലെ മരക്കാര്‍ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് സിനിമ കാണാന്‍ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാന്‍ സിനിമ ആസ്വദിച്ചു. ഞാന്‍ ഒരു നിരൂപകയൊന്നും അല്ല, മരക്കര്‍ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം.
മലയാളം സിനിമാ ഇന്‍ഡസ്ട്രി ഇത്രത്തോളം എത്തിയതില്‍ ഞാന്‍ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തമൊരു സിനിമ തന്നതിന് നന്ദി’, എന്നാണ് നവ്യ കുറിച്ചത്.
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് താന്‍ മരക്കാര്‍ കണ്ടതെന്നും ജൂഡ് പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
‘ഞാന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട്. ഒരുസിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല.
എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ’, എന്ന് ജൂഡ് ആന്റണി കുറിച്ചു.