മുംബൈ: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനു ഭാര്യയെ കാണാന്‍ മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കി. മനുഷ്യത്വത്തിന്റെ പേരിലാണ് ജനുവരി 13ാം തീയതി രോഗിയായ ഭാര്യയെ കാണാന്‍ അനുമതി നല്‍കിയതെന്ന് കോടതി അറിയിച്ചു.
സ്വന്തം രോഗത്തിന്റെ ചികിത്സകള്‍ക്കായി സ്വകാര്യ ഡോക്ടര്‍മാരെ കാണാനും ഗോയലിന് അനുമതി ലഭിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗിയായ ഭാര്യ അനിത രോഗം മൂര്‍ഛിച്ച അവസ്ഥയിലാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
കനറാ ബാങ്കിനെ 538 കോടി രൂപ കബളിപ്പിച്ച കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന നരേഷ് ഗോയലിനെ (74) പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോൾ ജയിലിൽ കിടന്ന് മരിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയേക്കാൾ ഭേദമെന്ന് ദയനീയ സ്വരത്തിൽ പറഞ്ഞിരുന്നു. ജാമ്യ ഹർജി പരിഗണിക്കുന്ന കോടതിയുടെ മുന്നിലാണ് തൊഴുകൈകളോടെ വികാരാധീനനായി അദ്ദേഹം ഇതുൾപ്പെടെ തന്റെ ആരോഗ്യത്തെക്കുറിച്ചും മറ്റും പറഞ്ഞത്.
കനറാ ബാങ്ക് വായ്പയായി നൽകിയ 538 കോടി രൂപ ഗോയലും കുടുംബാംഗങ്ങളും തട്ടിയെടുത്തെന്നാരോപിച്ചാണു കഴിഞ്ഞ സെപ്റ്റംബർ 1ന് ആണ് നരേഷ് ഗോയിലിനെ ഇഡി അറസ്റ്റ് ചെയ്തത്. ജെറ്റ് എയർവേയ്സിന് വിവിധ ബാങ്കുകൾ നൽകിയ 848.86 കോടി രൂപയുടെ വായ്പയിൽ 538.6 കോടി രൂപയാണ് കുടിശിക വന്നത്.
പണം അനുബന്ധ സ്ഥാപനങ്ങളിലേക്കു വകമാറ്റിയെന്നു തെളിഞ്ഞതിനെ തുടർന്നാണ് സിബിഐ കേസെടുത്തത്. കടക്കെണിയിലായതിനെ തുടർന്ന് 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്സ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.