അഹമ്മദാബാദ്: പതിനായിരക്കണക്കിന് ഹൃദയങ്ങള്‍ ഒരുമിച്ച് തകര്‍ന്ന രാത്രിയായിരുന്നു ഇന്നലെത്തേത്. തോല്‍വിയറിയാതെ കുതിച്ച ഇന്ത്യന്‍ ടീമിന്റെ കണ്ണീര്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വീണപ്പോള്‍ കായികലോകം ഒന്നാകെ കരഞ്ഞു. ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ലോകകപ്പ് കിരീടമുയര്‍ത്തി.
ദുഖമുറഞ്ഞ കണ്ണുകളോടെ രോഹിത് ശര്‍മ്മയും സംഘവും മൈതാനത്ത് നിന്ന് മടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പ്രമുഖര്‍ ഫൈനല്‍ കാണാനായി എത്തിയിട്ടുണ്ടായിരുന്നു. തോല്‍വിക്ക് പിന്നാലെ ശോകമൂകമായ ഡ്രസ്സിംഗ് റൂമിലേക്ക് താരങ്ങളെ ആശ്വസിപ്പിക്കാനും അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനുമായി പ്രധാനമന്ത്രി എത്തി.
ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി വികാരഭരിതനായ മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ചു. പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുന്ന ചിത്രം ഷമി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ദൗര്‍ഭാഗ്യവശാല്‍ ഇന്നലത്തേത് ഞങ്ങളുടെ ദിവസം ആയിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം എന്നെയും നമ്മുടെ ടീമിനേയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി അറിയിക്കുന്നു. ഡ്രസ്സിംഗ് റൂമിലേക്ക് വന്നതിനും തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയതിനും പ്രധാനമന്ത്രി മോദിക്ക് നന്ദി. ഞങ്ങള്‍ തിരിച്ച് വരും”, ഷമി എക്‌സില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ചത് വളരെ സ്‌പെഷ്യലും പ്രചോദനം നല്‍കുന്നതും ആയിരുന്നുവെന്ന് രവീന്ദ്ര ജഡേജ പറഞ്ഞു. ടീമിന്റെ തോല്‍വിക്ക് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത് ഇങ്ങനെ: ”പ്രിയപ്പെട്ട ടീം ഇന്ത്യ, ലോകകപ്പില്‍ ഉടനീളം നിങ്ങള്‍ കാണിച്ച നിശ്ചയദാര്‍ഢ്യവും കഴിവും എടുത്ത് പറയേണ്ടതാണ്. നിങ്ങള്‍ വളരെ കരുത്തോടെ കളിക്കുകയും രാജ്യത്തിന് അഭിമാനമാവുകയും ചെയ്തു. ഇന്നും എന്നും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്”.