ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്നും മോദി വ്യക്തമാക്കി. റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. സാധാരണക്കാര്‍ ഇക്കാലയളവില്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം,ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. വൈറസിനെതിരേയുള്ള നമ്മുടെ യുദ്ധം നീണ്ടുനില്‍ക്കുമെന്നും നൂതന സങ്കേതങ്ങള്‍ തേടിയാലെ ഈ പോരാട്ടത്തില് വിജയിക്കാനാകുവെന്നും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.