FeaturedKeralaNews

മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്; പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം,പ്രസ്താവനകളെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു ഭിന്നതകൾക്ക് കാരണമാകുമെന്ന് മാർ ജോർജ് ആലഞ്ചേരി

കോഴിക്കോട്: വിവാദ പ്രസ്താവന പിൻവലിക്കാൻ പാലാ ബിഷപ്പ് തയ്യാറാവണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

നിർബന്ധിച്ചുള്ളതോ മറ്റ് വഞ്ചനകളിലൂടെയോ മതപരിവർത്തനം ഇസ്ലാമിൽ നടക്കുന്നില്ല. അത്തരത്തിലുള്ള മതപരിവർത്തനങ്ങൾക്ക് ഇസ്ലാമിൽ സ്ഥാനമില്ല. സൗകര്യമില്ല ആളുകൾക്ക് വരാം അല്ലാത്തവർക്ക് പോകാം എന്നതാണ് ഇസ്ലാമിലെ നയം. പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം.

ഈ വിഷയത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച വ്യക്തി അത് പിൻവലിക്കുകയാണ് വേണ്ടത്. വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.

നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിച്ച് മതസൗഹാര്‍ദവും സമുദായ സഹോദര്യവും സംരക്ഷിക്കണമെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ പ്രസ്താവനയുടെ പൂർണ്ണരൂപമിങ്ങനെ:

മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളില്‍ കേരളസമൂഹത്തില്‍ നടക്കുന്നുണ്ടല്ലോ. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹോദര്യം നാം മുറുകെപ്പിടിക്കണം. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യ ങ്ങളില്‍പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാ വരും പരിശ്രമിക്കേണ്ടിയിരിക്കുന്നു.

സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തില്‍നിന്നു സമാധാനപരമായ സൗഹൃദത്തിലേയ്ക്കും ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം.

ക്രൈസ്തവസഭകളെ സംബന്ധിച്ചിടത്തോളം സ്നേഹവും സാഹോദര്യവും അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കുകയും എല്ലാവ രോടും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണു സഭയുടെ എന്നുമുള്ള കാഴ്ച്ചപ്പാട്. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കുവാന്‍ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടില്‍ നിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാന്‍ സഭാംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം.

അതിനാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍, എല്ലാ വിവാദങ്ങളും സമാപിപ്പിച്ച് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യډാരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടു നമുക്കു സര്‍വ്വാത്മനാ സഹകരിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker