വിഡിയോ എടുത്ത സ്വന്തം അണിയുടെ ചെകിട്ടത്തടിച്ച് ബാലകൃഷ്ണ; അടിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്ന് ആരാധകന്‍ (വിഡിയോ)
വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമുറി ബാലകൃഷ്ണ. അടുത്തിടെയാണ് സെല്‍ഫി എടുത്തതിന് ആരാധകനെ തല്ലിയ സംഭവത്തിലെ വിവാദങ്ങള്‍ തീരുംമുന്‍പേ അടുത്ത വിവാദങ്ങളിലേക്കു കടക്കുകയാണ് ബാലകൃഷ്ണ.
തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയതിനിടെ ബാലകൃഷ്ണയുടെ വിഡിയോ എടുത്ത സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ ചെകിട്ടത്തടിച്ചതാണ് പുതിയ വിവാദം. എന്നാല്‍ താരം അടിച്ചത് തന്നെ ഒട്ടും വേദനിപ്പിച്ചില്ലെന്നും അതില്‍ അഭിമാനം കൊള്ളുന്നു എന്നുമാണ് അടികൊണ്ടയാള്‍ പറയുന്നത്.
ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്തെിയതായിരുന്നു ബാലകൃഷ്ണ. അതിനിടെയാണ് തെലുങ്കുദേശം പാര്‍ട്ടി പ്രവര്‍തകനായ ഒരാള്‍ താരത്തിന്റെ വിഡിയോ പകര്‍ത്താന്‍ ആരംഭിച്ചത്. ഇതോടെ ക്ഷുഭിതനായ താരം ഇയാളോട് വിഡിയോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും അണിയുടെ മുഖത്തടിക്കുകയുമായിരുന്നു.
സംഭവം വിവാദമായതോടെ അടിയേറ്റ വ്യക്തി വാര്‍ത്താ കുറിപ്പുമായി രംഗത്തുവന്നിരുന്നു. താരത്തിന്റെ പ്രവര്‍ത്തിയില്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘അദ്ദേഹം രാവിലെ മുതല്‍ തിരഞ്ഞെടുപ്പു പരിപാടികളുടെ തിരക്കുകളിലാണ്. അതിനിടെ എന്റെ വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റ വിഡിയോ എടുത്തത്.
എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടീ പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് എന്നെ തള്ളിമാറ്റിയത്. ഞങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു…’ ഇതായിരുന്നു ബാലകൃഷ്ണയുടെ അടിയേറ്റ വ്യക്തിയുടെ പ്രതികരണം.