പട്ടിപ്പണി..പിച്ചക്കാശ്..വലിച്ചെറിയാം ജോലി..തരംഗമായി നേക്കഡ് റെസിഗ്നേഷന്‍
ബീജിംഗ്:എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന് പറയുമ്പോഴും ഓരോ രാജ്യത്തിനും അല്ലെങ്കിൽ ചില സമയങ്ങളിൽ ഓരോ കമ്പനിക്കും ജോലിക്കാര്യത്തിൽ വ്യത്യസ്തമായ മാനദണ്ഡങ്ങൾ ഉണ്ട്. ചൈനയെ സംബന്ധിച്ച് ‘996’ വർക്ക് ഷെഡ്യൂൾ ആണ് അവരുടെ മാനദമണ്ഡം.
രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണിവരെ ജോലി അതും ആഴ്ചയിൽ ആറ് ദിവസം എന്നതാണ് ‘996’ വർക്ക് ഷെഡ്യൂൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ദിവസം 12 മണിക്കൂർ അതായത് ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന് അർത്ഥം. എന്നാൽ യുവ ചൈനീസ് പ്രൊഫഷണലുകൾ ഈ പ്രവണതയെ എതിർക്കുന്നു.
ആഴ്ചയിൽ ആറ് ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ ജോലി ചെയ്യുന്ന പരമ്പരാഗത രീതിക്ക് എതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയുമാണ് യുവാക്കളിപ്പോൾ. ‘നേക്കഡ് റസിഗ്നേഷൻ(naked resignation)’ ആണത്രേ ഇപ്പോൾ അവിടത്തെ ട്രെൻഡ്.
എന്താണ് ‘നേക്കഡ് റസിഗ്നേഷൻ’
ഒരു ബാക്കപ്പ് പ്ലാനില്ലാതെ പ്രൊഫഷണലുകൾ ജോലിയിൽ നിന്ന് രാജിവയ്‌ക്കുന്ന ചൈനയിലെ ജോലിസ്ഥലത്തെ പ്രവണതയാണ് ‘നേക്കഡ് റസിഗ്നേഷൻ’ എന്ന് പറയുന്നത്. കോർപ്പറേറ്റ് ജീവിതത്തിന്റെ പിരിമുറുക്കം സഹിക്കാതെ ‘അടിമപ്പണിയിൽ’ നിന്ന് മോചനം നേടാൻ വേണ്ടിയാണ് യുവാക്കൾ ഇത്തരത്തിൽ ജോലി കളയുന്നത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെ ജനപ്രിയമാണ് ഈ വാക്ക്. മാനസികാവസ്ഥ മെച്ചപ്പെടാൻ ഇത് സഹായിക്കുന്നു എന്നാണ് യുവാക്കൾ പറയുന്നത്.
ലൗഡ് ക്വിറ്റിംഗ്
‘ലൗഡ് ക്വിറ്റിംഗ്’ എന്ന പ്രവണതയും ‘നേക്കഡ് റസിഗ്നേഷനും’ തമ്മിൽ ബന്ധമുണ്ട്. ആളുകൾ യാത്ര ചെയ്യുന്നതിനും പുതിയ താൽപ്പര്യങ്ങൾ പിന്തുടരുന്നതിനുമായി തങ്ങളുടെ രാജി പരസ്യമായി പ്രഖ്യാപിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രവണതയാണ് ലൗഡ് ക്വിറ്റിംഗ്.
‘നേക്കഡ് റസിഗ്നേഷന് ‘ പിന്നിൽ
കോർപറേറ്റ് മേഖലയിലെ മാനസിക സമ്മർദ്ദത്തിൽ നിന്നും മേലുദ്യോഗസ്ഥരുടെ ഫ്രസ്‌ട്രേഷൻ തീർക്കലിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് പുതിയ കഴിവുകൾ നേടാനും യാത്ര ചെയ്യാനുമൊക്കെയായി ജോലിയിൽ നിന്ന് ഇടവേളയെടുക്കുകയാണ് ഈ പ്രവണതയുടെ ലക്ഷ്യം.
എന്നാൽ ഈ പ്രവണത ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ജോലിയിൽ ഗ്യാപ്പ് വരുന്നതിനാൽ മറ്റൊരു ജോലി കണ്ടെത്താനുള്ള പ്രയാസമനുഭവിക്കേണ്ടി വന്നേക്കാം. കൂടാതെ ശമ്പളം മുടങ്ങിയാൽ ഭക്ഷണ സാധനങ്ങൾ അടക്കമുള്ളവ വരെ വാങ്ങാൻ സാധിക്കാതെ വരും.
‘നേക്കഡ് റസിഗ്നേഷന്’ മുമ്പ് ചെയ്യേണ്ടത്
ഒരു ആവേശത്തിന് ജോലി കളയാൻ എളുപ്പമാണ്. പക്ഷേ പിന്നെ എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കണം. അതിനാൽത്തന്നെ രാജി വയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ നിങ്ങൾ ചെയ്തുവയ്ക്കണം. അതിൽ ഒന്നാമത്തെ കാര്യം സാമ്പത്തികമാണ്. ജോലിയില്ലാത്ത കാലയളവിൽ ജീവിക്കാനാവശ്യമായ കുറച്ച് പണമെങ്കിലും സേവ് ചെയ്തിരിക്കണം.
നിങ്ങളുടെ മേഖലയിൽ തിളങ്ങി നിൽക്കുന്നവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക. പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ചൊക്കെ ഇവരുമായുള്ള സമ്പർക്കത്തിലൂടെ മനസിലാക്കാം. ഭാവി പരിപാടിയെക്കുറിച്ച് കൃത്യമായ ധാരണ വേണം.
കഴിഞ്ഞ വർഷം 30 രാജ്യങ്ങളിലായി 30,000 തൊഴിലാളികളെ പങ്കെടുപ്പിച്ച് ഒരു സർവേ നടത്തിയിരുന്നു. ജീവനക്കാരുടെ ക്ഷേമത്തിൽ 75 ശതമാനമുള്ള ചൈന മൂന്നാം സ്ഥാനത്താണ്. അവരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം വിലയിരുത്തിയായിരുന്നു സർവേ.
ചൈനയിൽ നിന്നുള്ള 90 ശതമാനത്തിലധികം ജീവനക്കാർക്കും പരോക്ഷമായ ഓവർടൈം ഉണ്ടായിരുന്നു. 60 ശതമാനം പേരും പതിവായി അധിക ജോലി ചെയ്യേണ്ടി വന്നിരുന്നു, ആഗോളതലത്തിൽ 50 ശതമാനത്തിലധികം തൊഴിലാളികളും മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുന്നത്. ഇത് അവരുടെ ജോലി ഉപേക്ഷിക്കാനുള്ള സാദ്ധ്യത മൂന്നിരട്ടി വർദ്ധിപ്പിക്കുന്നു.