നാഗമ്പടം മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയ്ക്ക് വിള്ളല്‍; സമീപപാത താഴുന്നു
കോട്ടയം: പാലാരിവട്ടം മേല്‍പ്പാലത്തിന് പിന്നാലെ അടുത്തിടെ പണിത കോട്ടയം നാഗമ്പടം മേല്‍പ്പാലത്തിനെതിരെയും ബലക്ഷയ ആരോപണങ്ങള്‍ ഉയരുന്നു. നാഗമ്പടം മേല്‍പാലത്തിന്റെ സമീപനപാത താഴുന്നുവെന്നും കോണ്‍ക്രീറ്റ് ഭിത്തിക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. മേല്‍പാലത്തിന്റെ സമീപപാതയുടെ ഇരുഭാഗത്തും വിള്ളല്‍ വീണിട്ടുണ്ട്. മീനച്ചിലാറിന്റെ ഭാഗത്ത് 5 സെന്റീമീറ്ററും കോട്ടയം നഗരത്തില്‍ നിന്നു വരുന്ന ഭാഗത്ത് 3 സെന്റീമീറ്ററുമാണ് പാത താഴ്ന്നത്. മീനച്ചിലാറിന്റെ ഭാഗത്തെ പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് ഭിത്തിക്കു ചെറിയ വിള്ളലും ഉണ്ടായി.
പാലത്തിന്റെയും സമീപന പാതയുടെയും നിര്‍മാണവും പരിപാലനവും റെയില്‍വേയുടെ ചുമതലയാണ്. സമീപന പാത താഴ്ന്നത് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍ സമീപന പാതയിലെ മണ്ണ് താഴ്ന്നതു മൂലം പാലത്തിനും റോഡിനും തകരാര്‍ സംഭവിച്ചിട്ടില്ല.18,000 ക്യുബിക് മീറ്റര്‍ മണ്ണ് നിറച്ചാണ് സമീപന പാത നിര്‍മിച്ചത്. ഭാരം കയറുമ്പോള്‍ കോണ്‍ക്രീറ്റുമായി ചേരുന്ന ഭാഗത്തു മണ്ണ് അല്‍പം താഴുന്നത് സ്വാഭാവിക പ്രതിഭാസമാണ്. പാലവും സമീപന പാതയും ചേരുന്ന ഭാഗത്ത് ഉടന്‍ ടാര്‍ ഇടുമെന്ന് അധികൃതര്‍ അറിയിച്ചു. നാഗമ്പടത്തെ പഴയമേല്‍പ്പാലം വളരെ ബുദ്ധിമുട്ടിയാണ് പൊളിച്ചുനീക്കിയത്.