KeralaNews

‘പത്ത് സെന്റ് ഭൂമിയുണ്ടെങ്കില്‍ അതില്‍ നിന്നും രണ്ട് സെന്റ് വിറ്റിട്ടാണെങ്കിലും നിങ്ങള്‍ യാത്ര ചെയ്യണം സന്തോഷിക്കണം’ മനാലിയില്‍ നഫീസുമ്മ മഞ്ഞുവാരി കളിച്ചുപോയി; റീല്‍ വൈറലായപ്പോള്‍ സന്തോഷം തല്ലിക്കെടുത്തി ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ അധിക്ഷേപം; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

കോഴിക്കോട്: ഭര്‍ത്താവ് മരിച്ചിട്ട് 25 വര്‍ഷം. മൂന്നുപെണ്‍മക്കള്‍. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് എല്ലാവരെയും വളര്‍ത്തി വലുതാക്കിയത്. അന്നൊക്കെ നഫീസുമ്മ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ മൂന്നുപെണ്മക്കളെയും വിവാഹം കഴിപ്പിച്ച് അയച്ച് സ്വസ്ഥയാണ് ഉമ്മ. അടുത്തിടെ മകള്‍ ജിഫ്‌നയ്‌ക്കൊപ്പം കോഴിക്കോട് സ്വദേശിനി നഫീസുമ്മ മനാലിയില്‍ ടൂറ് പോയി. സന്തോഷം നിറഞ്ഞ യാത്രയ്ക്കിടയില്‍ ആദ്യമായ് മഞ്ഞു കണ്ട ഉമ്മ മഞ്ഞ് വാരി കളിച്ചു.

അതൊരു റീലായി പുറത്ത് വന്നു. ‘ഇന്ന് ഞാന്‍ ഹാപ്പിയാണ്. ഇനിയും യാത്ര ചെയ്യണം. ഒരു പതിനാറുകാരിയെന്ന തോന്നലാണ്. നിങ്ങളുടെ കയ്യില്‍ പത്ത് സെന്റ് ഭൂമിയുണ്ടെങ്കില്‍ അതില്‍ നിന്നും രണ്ട് സെന്റ് വിറ്റിട്ടാണെങ്കിലും നിങ്ങള്‍ യാത്ര ചെയ്യണം. സന്തോഷിക്കണം.’ നഫീസുമ്മ ആഹ്ലാദം പങ്കുവയ്ക്കുന്ന വീഡിയോ വൈറലായി. മണിക്കൂറുകള്‍ക്കകം 50 ലക്ഷത്തിന് മേലേ ആളുകള്‍ റീല്‍ കണ്ടു. എന്നാല്‍, അവിടെ കൊണ്ട് തീര്‍ന്നില്ല സംഭവം. പിന്നാലെ, തെറിയഭിഷേകവും, അടക്കം പറച്ചിലും, കുറ്റപ്പെടുത്തലും. എല്ലാറ്റിനും മുകളില്‍ ആണിയടിച്ചുകൊണ്ട് കാന്തപുരം വിഭാഗം നേതാവും സുന്നി വോയ്‌സിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി നഫീസുമ്മയെയും അവരുടെ യാത്രയെയും അധിക്ഷേപിച്ച് രംഗത്തെത്തി.

’25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യസ്റ്റേറ്റിലേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയി, മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി’ എന്നായിരുന്നു വിമര്‍ശനം. പ്രസംഗം വൈറലായതിന് പിന്നാലെ കാന്തപുരം വിഭാഗം നേതാവിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതിനിടയിലാണ് ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്ന ചോദ്യവുമായി മകള്‍ ജിഫ്‌ന രംഗത്തെത്തിയത്. ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ? ഒരു വിധവക്ക് ലോകം കാണാന്‍ വിലക്കുണ്ടോ? ഉമ്മയുടെ കണ്ണീരിന് നിങ്ങള്‍ സമാധാനം പറഞ്ഞേതീരുവെന്നും ജിഫ്‌ന പറയുന്നുണ്ട്.

നഫീസുമ്മയുടെ യാത്രയും റീലും ആഴ്ചകള്‍ക്ക് മുമ്പ് വൈറലായിരുന്നു. ‘ഞമ്മളെ ഫ്രണ്ട്‌സ് ഹാജറ, ഷഫിയ,നസീമ, സക്കീന നിങ്ങളൊക്കെ വീട്ടില്‍ ഇരുന്നോ മക്കളെ.. എന്താ രസം ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളി അല്ലേ, വന്നോളിം മക്കളെ എന്ന് മണാലിയിലെ മഞ്ഞ് മലയില്‍ ഇരുന്ന് നഫീസുമ്മ വിളിച്ച് പറയുന്നതായിരുന്നു റീല്‍. എന്നാല്‍, ഉ്മ്മയുടെ സന്തോഷം കെടുത്തുന്ന ഉസ്താദിന്റെ അധിക്ഷേപത്തിന് എതിരെ മകള്‍ ജിഫ്‌ന ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തി.

പടച്ചോന്റെ സൃഷ്ടികള്‍ കാണാനായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഞാനും എന്റെ ഉമ്മയും നടത്തിയ തീര്‍ത്തും ആനന്ദകരമായ യാത്രയ്ക്കിടയില്‍ ആദ്യമായ് മഞ്ഞു കണ്ട ആഹ്ലാദത്തില്‍ നിഷ്‌കളങ്കയായ എന്റുമ്മച്ചി മഞ്ഞില്‍ അത്യാഹ്ലാദത്തോടെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരുകയുമുണ്ടായി.

അതിന് പിന്നാലെയായി തെറിയഭിഷേകവും, അടക്കം പറച്ചിലും തുടങ്ങിയെങ്കിലും ഉമ്മയെ സമാധാനിപ്പിച്ച് പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാന്‍ എനിക്കന്ന് കഴിഞ്ഞിരുന്നു. എന്നാല്‍ അത് ഒരിക്കലും മതപരമായ രീതിയിലേക്ക് വളച്ചൊടിച്ച് ഗുരുതര പ്രശ്‌നമായി ചിത്രീകരിക്കപ്പെടുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പ്രമുഖ പണ്ഡിതന്‍ ആ പ്രഭാഷണത്തിലൂടെ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആര്‍ക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ വീണിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ. ഞങ്ങളുടെ ശരിയും തെറ്റും ആരെയും ബോധിപ്പിക്കേണ്ടതുമില്ല.ആരോടും പ്രതികരിക്കാനോ മനസിലാക്കി തരാനോ എനിക്കുദ്ദേശമില്ല. എന്നാല്‍ കൂടിയും ആ പ്രസംഗം കാരണം ഇന്ന് എന്റുമ്മക്ക് മരണവീട്ടില്‍ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും മകളുടെ കുറിപ്പില്‍ പറയുന്നു.

ഒരു വിധവക്ക് ലോകം കാണാന്‍ വിലക്കുണ്ടോ? അല്ലെങ്കില്‍ ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ? അല്ലെങ്കില്‍ തന്നെ ആണുങ്ങള്‍ക്ക് ഈ പറഞ്ഞ സ്വലാത്തൊന്നും ബാധകമല്ലെന്നാണോ? ഇബാദത്ത് പടച്ചോനും പടപ്പും തമ്മില്‍ ആവില്ലേ നിങ്ങക്കെന്തിനാ ഇത്ര ബേജാര്‍? എന്റെ ഉമ്മാന്റെ അമലുകളും നന്മകളും പടച്ച റബ്ബിനറിയുന്നിടത്തോളം പടപ്പായ നമ്മള്‍ അതില്‍ തല പുകക്കേണ്ടതുണ്ടോ, ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങള്‍ കണ്ട കൊടും പാപമെന്നും മകള്‍ ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker