കോഴിക്കോട്: ഡിസംബർ 12-ന് ആയിരുന്നു കോഴിക്കോട് കൊയിലാണ്ടിയിലെ മലയിൽ ബിജിഷ തന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാൻ മാത്രം ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടും ബിജിഷയുടെ ആത്മഹത്യ ഒരു നാടിനെ തന്നെയായിരുന്നു നടുക്കത്തിലാക്കിയത്. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ അവർ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആർക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാർക്കോ സുഹൃത്തുകൾക്കോ ഒന്നുമറിയില്ല. ഇതിന് പുറമെ ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ അവർ ബാങ്കിൽ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാർക്കറിയില്ല. ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ മറ്റോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു വീട്ടുകാർ. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചത് എന്നതാണ് ദുരൂഹമായിരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പണം വാങ്ങിയതും കൊടുത്തതും മുഴുവൻ ഗൂഗിൾ പേ പോലുള്ള യു.പി.ഐ ആപ്പുകൾ വഴിയായതിനാൽ പോലീസിനും വിവരം ലഭിക്കുന്നില്ല. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പോലീസ് പറയുന്നു. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്ന ബിജിഷ ഇത്രയേറെ പണമിടപാട് നടത്തിയിട്ട് എന്തു ചെയ്തുവെന്നാണ് ആർക്കും മനസ്സിലാവാത്തത്. ബി.എഡ് ബിരുദധാരികൂടിയായ ബിജിഷ ഇങ്ങനെ ചതിക്കപ്പെട്ടുവെന്ന് നാട്ടുകാർക്കും വിശ്വസിക്കാനാവുന്നില്ല. നാട്ടിലൊക്കെ ഏറെ ഉർജസ്വലയായ കുട്ടിയെന്ന നിലയിൽ വലിയ ബഹുമാനമായിരുന്നു നാട്ടുകാർക്ക്. ഇടയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പഠിച്ച സ്കൂളിൽ തന്നെ ക്ലാസെടുക്കാനും പോയിരുന്നു.
ഡിസംബർ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്നാണ് കൊയിലാണ്ടിയിലെ വീട്ടിൽ തൂങ്ങി മരിച്ചത്. യു.പി.ഐ ആപ്പുകൾ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ദുരൂഹത തോന്നിയ പോലീസ് ബാങ്കിലെത്തിയാണ് പണമിടപാടിന്റെ വിവരങ്ങൾ ശേഖരിച്ചത്.
മരിച്ച ദിവസം രാവിലെ പോലും വളരെ സന്തോഷവതിയായി നാട്ടുകാരോടും സുഹൃത്തുക്കളോടും ഇടപെട്ട ബിജിഷയെ പലരും ഓർക്കുന്നുമുണ്ട്. ബിജിഷയുടെ മരണത്തിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്ത് കൊണ്ടുവരണമെന്ന് വീട്ടുകാരും ആവശ്യപ്പെടുന്നു.