കളമശേരി: എട്ടു വര്‍ഷം മുന്‍പ് വിറ്റ തയ്യല്‍ മെഷീന്‍ തിരികെ ചോദിച്ച് പഴയ ഉടമ. ഇപ്പോഴത്തെ ഉടമയില്‍ നിന്നു തയ്യല്‍ മെഷീന്‍ തിരികെ വാങ്ങി നല്‍കണമെന്ന പരാതിയുമായി പഴയ ഉടമയുടെ പോലീസ് സ്റ്റേഷനില്‍ എത്തി. പഴയ ഉടമ 10,000 രൂപ നല്‍കുമെന്നും തയ്യല്‍ മെഷീന്‍ തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ഇടപെടുമെന്നും മുന്‍ എംഎല്‍എ മുന്നറിയിപ്പ് നല്‍കിയതായും ആരോപണമുണ്ട്.
ഇരു കൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് പ്രശ്‌നം സംസാരിച്ച് തീര്‍ക്കാന്‍ നിര്‍ദേശിച്ചു. തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. എച്ച്എംടി ജംക്ഷനിലെ രണ്ട് തയ്യല്‍ തൊഴിലാളികള്‍ തമ്മിലാണ് തര്‍ക്കം. ഇവരില്‍ ഒരാള്‍ വിറ്റ തയ്യല്‍മെഷീന്‍ 8 വര്‍ഷം മുന്‍പ് മറ്റേയാള്‍ 8,000 രൂപ കൊടുത്താണു വാങ്ങിയത്.
തിങ്കളാഴ്ച രാവിലെയാണ് താന്‍ വിറ്റ തയ്യല്‍ മെഷീന്‍ തിരികെ വേണമെന്ന ആവശ്യവുമായി പഴയ ഉടമ എത്തിയത്. മുന്‍ എംഎല്‍എയും ഈ ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് പരാതി പോലീസ് സ്റ്റേഷനിലെത്തി. കുടുംബ സമേതമാണ് പഴയ ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കാരണമില്ലാതെ തന്നെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിന്റെ നീരസം ഇപ്പോഴത്തെ ഉടമ മറച്ചുവച്ചില്ല.
പഴയ ഉടമയുടെ കുടുംബം ശാപവാക്കുകള്‍ ഉതിര്‍ത്തതോടെ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. 10,000 രൂപ വാങ്ങി തയ്യല്‍മെഷീന്‍ തിരികെ നല്‍കുകയും ചെയ്തു. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇരുവരും സമ്മതപത്രവും എഴുതി നല്‍കി.