തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റിനുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ നിയമിച്ചു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ ആറ് വരെയാണ് ടൂര്‍ണമെന്റ്.
രോഹന്‍ എസ്. കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ഗ്രൂപ്പ് ബിയിലാണ് കേരളം. മുംബൈയില്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തോടെ കേരളം ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. സിക്കിം, അസം, ബിഹാര്‍, ചണ്ഡീഗഡ്, ഒഡീഷ, സര്‍വീസസ് എന്നിവരും കേരളത്തിനൊപ്പം ബി ഗ്രൂപ്പിലാണ്.
കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മാറിയ ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍ ഇത്തവണ ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കും. ജലജ് സക്‌സേനയും ടീമിലുണ്ട്. കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിനായി 50 വിക്കറ്റുകളുമായി തിളങ്ങിയ താരമാണ് ജലജ്.
ഏഷ്യന്‍ ഗെയിംസ്, ഏഷ്യാകപ്പ്, ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവാണ് താരം ലക്ഷ്യമിടുന്നത്.
കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അബ്ദുല്‍ ബാസിത്ത്, സിജോമോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, കെ.എം. ആസിഫ്, വിനോദ് കുമാര്‍, മനു കൃഷ്ണന്‍, വരുണ്‍ നായനാര്‍, അജ്‌നാസ് എം, മിഥുന്‍ പി.കെ, സല്‍മാന്‍ നിസാര്‍.