മൂലമറ്റം: ഗൃഹനാഥനെ കൊന്ന് ചതുപ്പില്‍ തള്ളിയ സംഭവം മറനീക്കി പുറത്തുവന്നത് ഇങ്ങനെ. ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല ചെയ്ത ശേഷം ചതുപ്പില്‍ തള്ളിയ സംഭവത്തിലെ പ്രതികളെ കുടുക്കിയത് പൊലീസിന്റെ ‘ദൃശ്യം’ മോഡല്‍ ചോദ്യം ചെയ്യലിലാണ്. പ്രതികളെന്ന് സൂചന ലഭിച്ച ദമ്പതികളെ പരസ്പരം കാണാതെ പ്രത്യേകം മുറികളില്‍ ഇരുത്തി ഒരേ ചോദ്യങ്ങള്‍ ചോദിച്ചു. ഇവരുടെ ഉത്തരങ്ങളിലെ പൊരുത്തക്കേട് നിര്‍ണായക തെളിവായി മാറി. രണ്ടാഴ്ച മുന്‍പ് കാണാതായ മേമുട്ടം അറക്കപ്പടിക്കല്‍ ശശിധരനെ (42) കൊലപ്പെടുത്തി ചതുപ്പില്‍ തള്ളിയ കേസിലാണ് ദമ്പതികള്‍ അറസ്റ്റിലായത്
മുഖ്യ പ്രതി മേമുട്ടം അനി നിവാസില്‍ അനിലിനെ (36) തൊടുപുഴ കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ അനിലിനൊപ്പം അറസ്റ്റിലായ ഭാര്യയും രണ്ടാം പ്രതിയുമായ സൗമ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. സൗമ്യ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്നു കോടതി നിരീക്ഷിച്ചു.
മേമ്മുട്ടം സ്വദേശികളായ അനിലും ശശിധരനും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ 15ന് ഇവര്‍ മദ്യപിക്കുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് അനില്‍, തടി കഷണം കൊണ്ട് ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു.
ശശിധരനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയെത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതിനിടെ ശശിധരനും അനിലുമായി അനിലിന്റെ വീട്ടില്‍ വഴക്കുണ്ടായതായി രഹസ്യ വിവരം ലഭിച്ചു. ഇവരെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയെങ്കിലും കാര്യമായ തെളിവു ലഭിച്ചില്ല
അനിലിനെയും ഭാര്യയെയും പൊലീസ് രണ്ടായി ചോദ്യം ചെയ്‌തെങ്കിലും അനില്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ സൗമ്യ വിവരങ്ങളെല്ലാം പൊലീസിനോടു പറഞ്ഞതായി അനിലിനെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് ഇയാള്‍ കുറ്റമേറ്റത്.
കൊല ചെയ്യാന്‍ ഉപയോഗിച്ച തടി, അനിലിന്റെ വീട്ടിലെ കട്ടിലിന് അടിയില്‍ നിന്നു ലഭിച്ചു. അനിലിന്റെ വീട്ടില്‍ നിന്നു ലഭിച്ച ലൈസന്‍സില്ലാത്ത നിറ തോക്ക് ഇടുക്കി എആര്‍ ക്യാമ്ബിലെത്തിച്ച് നിര്‍വീര്യമാക്കും. തോക്ക് കൈവശം വച്ചതിനും കാഞ്ഞാര്‍ പൊലീസ് അനിലിനെതിരെ കേസെടുത്തിട്ടുണ്ട്.