KeralaNews

അടുത്ത 14 ദിനങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പ്രധാന്യമര്‍ഹിക്കുന്നു? വൈറല്‍ കുറിപ്പ്

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വരുന്ന പതിനാല് ദിനങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പ്രധാന്യമര്‍ഹിക്കുന്നു തുടങ്ങി നിരിവധി ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ജനങ്ങളുമായി ഇക്കാര്യങ്ങള്‍ പങ്കുവച്ചരിക്കുന്നത്. വരുന്ന പതിനാല് ദിനങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പ്രധാന്യമര്‍ഹിക്കുന്നു?,എന്തെല്ലാം ആ സമയത്ത് സംഭവിക്കാം? തുടങ്ങിയ കാര്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വരുന്ന പതിനാല് ദിവസങ്ങൾ

അടുത്ത പതിനാലു ദിവസങ്ങൾ നിർണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾക്ക് ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും കിട്ടിക്കാണും. സംഗതി സത്യമാണ്. അടുത്ത രണ്ടാഴ്ച മാത്രമല്ല ഇനി വരുന്ന ഓരോ ദിവസവും നിർണ്ണായകമാണ്. പക്ഷെ അത് അറിഞ്ഞത് കൊണ്ട് മാത്രം എന്ത് കാര്യം? എന്താണ് അടുത്ത ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത് എന്നതറിഞ്ഞാലല്ലേ നമുക്ക് എന്തെങ്കിലും തീരുമാനമെടുക്കാൻ പറ്റൂ.

ഭാഗ്യത്തിന് കൊറോണയുടെ കാര്യത്തിൽ ഇത്തരം പ്രവചനം സാധ്യമാണ്, കാരണം ഇപ്പോൾ ലോകത്ത് 160 രാജ്യങ്ങൾക്ക് മുകളിൽ കൊറോണ ബാധ ഉണ്ട്. കഴിഞ്ഞ വർഷം അവസാനം ചൈനയിലാണ് തുടങ്ങിയത്, അവിടെ ഇന്നലെ പുതിയതായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് വായിച്ചത്. അപ്പോൾ കൊറോണയുടെ തുടക്കവും ഒടുക്കവും ഇപ്പോൾ അത്യാവശ്യം നമുക്കറിയാം. അതറിഞ്ഞാലും വേണ്ട തീരുമാനങ്ങൾ വ്യക്തിപരമായും സാമൂഹികമായും നാം എടുക്കുമോ എന്നാണ് പ്രശ്നം. തൽക്കാലം അടുത്ത പതിനാലു ദിവസത്തിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയാം.

1. ഇന്ത്യയിൽ മൊത്തം കേസുകൾ ആയിരത്തിന് മുകളിൽ പോകും. ലോകത്തിൽ ഇപ്പോൾ ആയിരത്തിന് മുകളിൽ കൊറോണ കേസുകൾ ഉള്ള പതിനാലു രാജ്യങ്ങളുണ്ട്. അതിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളേക്കാൾ ചെറിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിൽ പലതിലും ഈ മാസം ആദ്യം കൊറോണബാധയുടെ എണ്ണം ഇരുന്നൂറിൽ താഴെയായിരുന്നു. ഇന്നിപ്പോൾ ഇന്ത്യയിൽ 191 കേസുകൾ ഉണ്ടെന്നാണ് ഇന്ത്യയുടെ കോവിഡ് ഡാഷ്‌ബോർഡ് പറയുന്നത്. കോവിഡ് പകർച്ച തടയാനുള്ള കർശനമായ നടപടികൾ ഇനിയും ഇന്ത്യയിൽ വന്നിട്ടില്ലാത്തതുകൊണ്ട് തന്നെ നമ്മുടെ കേസുകൾ അടുത്ത രണ്ടാഴ്ചക്കകം ആയിരം കടക്കുമെന്ന് ഏകദേശം ഉറപ്പിക്കാം.

2. ആളുകൾ പരിഭ്രാന്തരാകും: കൊറോണയെപ്പറ്റി ആദ്യം വാർത്ത വരുന്പോൾ ദൂരെ എവിടെയോ സംഭവിക്കുന്ന ഒന്നെന്നാണ് ചിന്തിച്ചത്. പിന്നെ കുറച്ചു കൊറോണ തമാശകളായി. മറ്റു രാജ്യങ്ങളിൽ എന്തുകൊണ്ട് പടർന്നു, സ്വന്തം നാട്ടിൽ എന്തുകൊണ്ട് പടരില്ല എന്നുള്ള ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. ശേഷം കൊറോണ കേസുകൾ അടുത്തെത്തി മൊത്തം എണ്ണം ആയിരത്തിൽ കവിയുന്നു, ആളുകൾ പരിഭ്രാന്തരാകുന്നു. എല്ലായിടത്തും സംഭവിച്ചത് ഇതാണ്. ഇതുവരെ നമ്മുടെ കാര്യവും വ്യത്യസ്തമല്ല. ചൂടുള്ളതുകൊണ്ടു നമുക്ക് പേടിക്കാനില്ല എന്ന ശാസ്ത്രവുമായി ഇറങ്ങിയിരിക്കുന്നവർ ഇവിടെയും ഉണ്ടല്ലോ.

3. സൂപ്പർമാർക്കറ്റുകളിലെ തിരക്ക് കൂടും. പത്തു ദിവസം മുൻപ് ആസ്‌ട്രേലിയയിൽ സൂപ്പർമാർക്കറ്റിൽ ടിഷ്യൂ പേപ്പർ കിട്ടാതിരുന്നതും ഉള്ള ഭക്ഷ്യ വസ്തുക്കൾക്ക് വേണ്ടി ഷോപ്പ് ചെയ്യാൻ വന്നവർ തമ്മിൽ അടികൂടിയതും വർത്തയായിരുന്നല്ലോ. ഇതൊന്നും നമ്മുടെ ചുറ്റും വരില്ല എന്ന വിശ്വാസമാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. പക്ഷെ അടുത്ത പതിനാലു ദിവസത്തിനകം അതും സംഭവിക്കും. ഇനി എന്തൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന് പേടിച്ച് ആളുകൾ ആവശ്യമുള്ളതും ആവശ്യത്തിൽ കൂടുതലും വസ്തുക്കൾ വാങ്ങിക്കൂട്ടാൻ തുടങ്ങും, അത് കണ്ടു മറ്റുള്ളവരും വാങ്ങിക്കൂട്ടും. ഇതൊരു പാനിക് സാഹചര്യമാകും. ഒന്ന് പെയ്ത് ഒഴിയുന്നത് പോലെ ഒരു റൌണ്ട് പാനിക് ബയിങ് നടത്തി ഷെൽഫ് കാലിയായതിന് ശേഷം വീണ്ടും അവിടെ സാധനങ്ങൾ കണ്ടു തുടങ്ങിയാലേ ഇതവസാനിക്കൂ. അടുത്ത പതിനാലു ദിവസത്തിനകം ഈ കാഴ്ച ഇന്ത്യൻ നഗരങ്ങളിൽ നമ്മൾ കാണും. (മറ്റു രാജ്യങ്ങളിൽ അധികം സംഭവിക്കാത്ത ഒന്നും നമുക്കുണ്ടാകാം, പൂഴ്‌ത്തിവെയ്പ്പും വില കൂട്ടലും).

4. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങൾ വരും. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന കന്പനികളുടെ യാത്രകൾ ഏതാണ്ട് നിലക്കുകയാണ്. താൽക്കാലം ആഭ്യന്തര യാത്രകൾക്ക് വിലക്കില്ല. പക്ഷെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ നോക്കുന്പോൾ മറ്റിടങ്ങളിലെ രാജ്യങ്ങൾ പോലെയാണ്. അതുകൊണ്ടു തന്നെ കൊറോണയെ പ്രാദേശികമായി പിടിച്ചുകെട്ടണമെങ്കിൽ ആഭ്യന്തരമായി ചില റൂട്ടുകളിൽ എങ്കിലും യാത്രാനിയന്ത്രണങ്ങൾ വേണ്ടി വരും.

5. വീട്ടിനുള്ളിലെ നിയന്ത്രണങ്ങൾ ഉണ്ടാകും. പൊതുവിൽ യാത്രകൾ നിയന്ത്രിക്കുന്നത് കൂടാതെ ആളുകൾ വീടിന് പുറത്തിറങ്ങുന്നതിൽ പോലും നിയന്ത്രണങ്ങൾ വരുത്തിയാണ് ഇറ്റലിയും ഫ്രാൻസും സ്ഥിതി നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത്. ഈ ഞയറാഴ്ച്ച ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി ജനത കർഫ്യൂ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത പതിനാലു ദിവസത്തിനകം രാജ്യത്ത് ചിലയിടത്തെങ്കിലും ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്‌ നിയന്ത്രിക്കേണ്ടി വരും.

6. വാട്ട്സാപ്പിലെ ലോകാവസാനം ഉറപ്പ്: കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്നതോടെ വാട്ട്സ്ആപ്പ് ശാസ്ത്രം കൂടുതൽ സജീവമാകും. ഇപ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ സർക്കുലറും പ്രധാനമന്ത്രി ഉപയോഗിക്കാൻ പോകുന്ന പവർപോയന്റും ഒക്കെയാണ് അവർ ഫേക്ക് ന്യൂസ് ആയി ഉണ്ടാക്കുന്നതെങ്കിൽ വലിയ താമസമില്ലതെ ലോകമവസാനിക്കുമെന്ന് നോസ്ട്രഡാമസും മറ്റുള്ളവരും പ്രവചിച്ചതിന്റെ തെളിവുമായി അവർ വരും. സൂക്ഷിച്ചാൽ ലോകം അവസാനിക്കാതെ നോക്കാം !

കൊറോണ നേരിടുന്നതിൽ ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി മറ്റുള്ള സ്ഥലങ്ങളിൽ സംഭവിക്കുന്നതിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കുന്നില്ല എന്നതാണ്. കൊറോണക്കാലത്ത് വേണ്ടി വരുന്ന നിയന്ത്രണങ്ങൾ ഒന്നും സുഖകരമല്ല. മിക്കവാറും ജനാധിപത്യ രാജ്യങ്ങളിൽ ആളുകളുടെ സഞ്ചാരം ഉൾപ്പടെയുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് സർക്കാരിന് (ജനങ്ങൾക്കും) ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അകലെയൊരു രാജ്യത്ത് കൊറോണ നിയന്ത്രിക്കാൻ ഒരു നഗരം അടച്ചിട്ടു എന്ന് പറയുന്പോൾ എന്നാൽ മുൻകൂറായി കുറെ നിയന്ത്രങ്ങൾ കൊണ്ടുവരാം എന്ന് രാജ്യങ്ങൾ ചിന്തിക്കുന്നില്ല. അങ്ങനെ അവർ ചെയ്താൽ നാട്ടിലെ ജനങ്ങൾ അതിനെ അംഗീകരിക്കുകയുമില്ല. പക്ഷെ പതുക്കെപ്പതുക്കെ കൊറോണ അവിടെയും എത്തും, ആയിരം കവിയും, അപ്പോൾ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെല്ലാം പരിഭ്രാന്തരാകും, കർശനമായ നിയന്ത്രണങ്ങൾ വരും, അത് ജനങ്ങൾ അനുസരിക്കുകയും ചെയ്യും.

നാളെ എന്താണ് ഉണ്ടാവാൻ സാധ്യതയുള്ളതെന്ന് ഇന്ന് ചിന്തിക്കുകയും അതിനുള്ള പരിഹാരങ്ങൾ ഇപ്പോൾ തന്നെ എടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. അപ്പോൾ അടുത്ത പതിനാലു ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാമെങ്കിൽ അതൊഴിവാക്കാനുള്ള ശ്രമവും ഇന്ന് തന്നെ തുടങ്ങാമല്ലോ. സർക്കാർ അവരുടെ രീതിക്ക് അവർക്ക് ആവുന്നത് ചെയ്യും. നിങ്ങളും നിങ്ങളുടെ തരത്തിൽ മുൻകൂട്ടി ചിന്തിച്ചു കാര്യങ്ങൾ ചെയ്തു തുടങ്ങുക.
സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker