ദിലീപിനെതിരെ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണ,നിലവിലുള്ളത് ആരോപണം മാത്രം,കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിയ്ക്കില്ലെന്ന് മുരളി ഗോപി
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ മോബ് വെര്‍ഡിക്ട് ആണ് നടന്നതെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ദിലീപിനെതിരെ ആരോപണം മാത്രമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹത്തിനെതിരെ കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ ഈ വേളയില്‍ സാധിക്കില്ലെന്നും മുരളി ഗോപി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപിന്റെ കരങ്ങളുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം കിട്ടിയത്. വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. വൈകാതെ വിധി വരുമെന്നാണ് പ്രതീക്ഷ. ഈ വേളയിലാണ് മുരളി ഗോപി വിഷയത്തില്‍ പ്രതികരിച്ചത്.
കമ്മാരസംഭവം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം മുരളി ഗോപിയുമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ് പകുതിയായ ശേഷമാണ് ദിലീപിനെതിരെ ആരോപണം ഉയര്‍ന്നതെന്ന് മുരളി ഗോപി വിശദീകരിച്ചു. ഈ വേളയില്‍ സിനിമ വിട്ട് പോകാന്‍ സാധിക്കില്ല. മാത്രമല്ല, ആരോപണം ഉയര്‍ന്നുവെന്ന കാരണത്താല്‍ ആ വ്യക്തിയുമായി സഹകരിക്കരുത് എന്നില്ല…
വ്യക്തിപരമായി ഞാന്‍ ഒരാളെയും ജഡ്ജ് ചെയ്യില്ല. ദിലീപാണ് സംഭവം ചെയ്തതെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇതൊരു പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ വിഷയമല്ല. ലോജിക് ആണ് ചോദിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരട്ടെ. ആ വേളയില്‍ വിഷയത്തില്‍ വ്യക്തമായി ഉത്തരം നല്‍കാന്‍ തനിക്ക് സാധിക്കുമെന്നും മുരളീ ഗോപി പറഞ്ഞു.
ദിലീപിനെതിരെ മോബ് വെര്‍ഡിക്ട് ആണ് അന്ന് നടന്നത്. ദിലീപിനെതിരെ അന്ന് കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ലല്ലോ. ആരോപണം ഉയരുക മാത്രമാണ് ചെയ്തത്. ഇരയായ നടിക്കെതിരെ ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ വാക്കുകളില്‍ എപ്പോഴെങ്കിലും അങ്ങനെ വന്നോ. ഞാന്‍ അവരെ ബഹുമാനിക്കുന്നു. അവരുടെ ആവശ്യത്തിനൊപ്പമാണ്. അതേസമയം, ആരോപണ വിധേയനൊപ്പം ജോലി ചെയ്യുന്നത് മറ്റൊരു വിഷയമാണെന്നും മുരളി ഗോപി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ എന്താണെന്ന് അറിയില്ല. സ്ത്രീ സുരക്ഷ എല്ലാ മേഖലയിലും ഉറപ്പാക്കണം. അടിസ്ഥാന മര്യാദയുടെ ഭാഗമാണത്. മീഡിയ രംഗത്തും വേണം. ഗ്ലാമര്‍ ഇല്ലാത്ത പല ജോലികളിലും മോശം അവസ്ഥയിലാണ് സ്ത്രീകള്‍ വര്‍ക്ക് ചെയ്യുന്നത്. അതെല്ലാം മറന്നിട്ട് സിനിമാ മേഖലയിലെ കാര്യം മാത്രം പറയുന്നതിലെ കുഴപ്പമാണിത്…
ഒരു ഇന്‍ഡസ്ട്രിയെ മൊത്തമായി പറയാന്‍ സാധിക്കില്ല. ചിലര്‍ പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ടാകാം. അല്ലാത്തവരുമുണ്ടാകും. മൊത്തമായി അടച്ച് പറയാനാകില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് അച്ചടക്കം ആവശ്യമാണ്. ബാന്‍ ചെയ്യുന്നത് സംഘടനകളുടെ കാര്യമാണ്. അതേ കുറിച്ച് എനിക്ക് അറിയില്ല. ആവശ്യമുള്ള താരത്തിനെ ബാന്‍ ഉള്ളത് കൊണ്ട് താന്‍ മാറ്റി നിര്‍ത്തില്ലെന്നും മുരളീ ഗോപി പറഞ്ഞു.