
മൂന്നാര്‍: മൂന്നാറില്‍ വിനോദസഞ്ചാരികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ ആര്‍. വേണിക (19), ആര്‍. ആദിക (19), സുധന്‍ (19) എന്നിവരാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍.
വേണികയും ആദികയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും സുധന്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നില ഗുരുതരമായതോടെയാണ് സുധനെ രാജാക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഗര്‍കോവില്‍ സ്വദേശി കെവിനെ (20) തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് വിനോദയാത്രയ്ക്കായെത്തിയ വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. മാട്ടുപ്പട്ടി ഡാം സന്ദര്‍ശിച്ചതിനുശേഷം കുണ്ടളയിലേക്ക് പോകുന്നതിനിടയില്‍ എക്കോ പോയിന്റിനു സമീപത്തുവച്ചാണ് ബസ് മറിഞ്ഞത്.
കൊടും വളവില്‍ ബസ് നിയന്ത്രണം വിട്ട് പാതയോരത്ത് മറിയുകയായിരുന്നു. കോളേജിലെ 37 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളും അധ്യാപകരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.