FeaturedKeralaNews

ആശങ്ക ഉയരുന്നു; മുല്ലപ്പെരിയാറില്‍ 140.45 അടി പിന്നിട്ടു

കുമളി: നീരൊഴുക്ക് ശക്തമായി തുടരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 140.45 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നതിനാലാണ് നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ് 140 അടി കഴിഞ്ഞപ്പോള്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് നല്‍കിയ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്. റൂള്‍ കര്‍വ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടര്‍ തുറക്കും.

ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരാഴ്ചയായി തുടര്‍ച്ചയായി ഉണ്ടായ വര്‍ധനയ്ക്കു ശേഷം ആദ്യമായാണു ജലനിരപ്പില്‍ കുറവുണ്ടായത്. ഇന്ന് രാവിലെ ഏഴിന് അണക്കെട്ടില്‍ 2399.14 അടിയാണ് ജലനിരപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജലനിരപ്പ് 2398.90 അടിയെത്തിയപ്പോഴാണ് മൂന്നാം നന്പര്‍ ഷട്ടറിലൂടെ സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വീതം വെള്ളം ചെറുതോണി പുഴയിലേക്ക് ഒഴുക്കിവിട്ടുതുടങ്ങിയത്. അണക്കെട്ട് തുറന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജലനിരപ്പ് വര്‍ധിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 2399.16 അടിയായിരുന്നു. ഇതു സംഭരണശേഷിയുടെ 95.46 ശതമാനമാണ്. 2403 അടിയാണ് സംഭരണ ശേഷി. നിലവില്‍ ജലനിരപ്പ് റെഡ് അലര്‍ട്ടിലാണ്. അതേസമയം, തിങ്കളാഴ്ച പകല്‍ പദ്ധതി പ്രദേശത്ത് കാര്യമായ മഴയുണ്ടാകാത്തതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം ഉപേക്ഷിച്ചു. വരുംദിവസങ്ങളില്‍ മഴ ശക്തമാകുകയും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കും.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയും. അതേസമയം വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും.

കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്ത് മണ്ണിടിച്ചിലില്‍ വീടുകള്‍ അപകടാവസ്ഥയിലായി. മണ്‍റോ തുരുത്തില്‍ അഞ്ഞൂറില്‍ അധികം വീടുകള്‍ വെള്ളത്തിനടിയിലായി. കൊട്ടാരക്കര വാളകത്ത് എംസി റോഡില്‍ ഇന്നലെ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദം അടുത്ത 24 മണിക്കൂറില്‍ ശക്തമായ ന്യൂനമര്‍ദമായി മാറും. തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെയോടെ മധ്യകിഴക്കന്‍-തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker