കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണു സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തത്. സബ് കളക്ടറുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഏറ്റെടുക്കല്‍.
പ്രതിഷേധവുമായി പള്ളിയില്‍ തമ്പടിച്ചിരുന്ന അറുന്നൂറോളം യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്നു ബിഷപ്പുമാര്‍ അടക്കം മതപുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണു പള്ളി ഏറ്റെടുത്തത്. പള്ളിയുടെ ഗേറ്റ് പൊളിച്ചാണു പോലീസ് അകത്തുകടന്നത്. പള്ളി ഏറ്റെടുത്തു കൈമാറാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഏറ്റെടുക്കല്‍. എറ്റടുത്ത വിവരം കളക്ടര്‍ കോടതിയെ അറിയിക്കും.
പള്ളി തര്‍ക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വരുന്നത് കഴിഞ്ഞ വര്‍ഷമാണ്. പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന് പള്ളിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. പള്ളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കി. 1967 മുതല്‍ സ്വന്തം ഭരണഘടന പ്രകാരമാണ് മുളന്തുരുത്തി പള്ളി ഭരിച്ചിരുന്നത്. നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പള്ളി. ആഗോള സുറിയാനി സഭ പരിശുദ്ധനായി പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.