FeaturedHome-bannerKeralaNews

'വീണശേഷവും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോകാൻ നോക്കി'; ഹോട്ടൽ ഉടമയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

കണ്ണൂര്‍: ഹോട്ടലുടമയായ ദേവദാസ് മുമ്പും മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും ഹോട്ടലിലെ ജീവനക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടിയാണ് ഹോട്ടലുമടയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ. ഹോട്ടലുടമയായ ദേവദാസും മറ്റു രണ്ടു പേരും ചേര്‍ന്ന് രാത്രിയിൽ അതിക്രമത്തിന് ശ്രമം നടത്തുന്നതിനിടെ പ്രാണരക്ഷാര്‍ത്ഥമാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു .മുമ്പും ഹോട്ടലുടമയായ ദേവദാസിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു.

ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് സ്വഭാവം മാറിയപ്പോള്‍ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇനി ആവര്‍ത്തിക്കില്ലെന്ന് ഹോട്ടലുടമ പറഞ്ഞെങ്കിലും പിന്നീട് പരിക്കേറ്റ് ചികിത്സയിലിരിക്കെ  ഭീഷണി സന്ദേശം അയച്ചു. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നാണ് വാട്സാപ്പിൽ അയച്ചത്. കെട്ടിടത്തിൽ നിന്ന് വീണ പരിക്കേറ്റിട്ടും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോകാൻ അവര്‍ ശ്രമിച്ചുവെന്നും ആസൂത്രിതമായാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

അന്നേദിവസം അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.അവിടെ പ്രത്യേകിച്ച് പണിയില്ലെങ്കിൽ പോലും എന്നെ കമ്പ്യൂട്ടറിന്‍റെ മുന്നിലിരിത്തിക്കും. എന്നിട്ട് അയാള്‍ കള്ളുകുടിച്ച് വന്നിട്ട് തൊട്ടടുത്തുള്ള കമ്പ്യൂട്ടറിന് മുന്നിലിരുന്ന് അനാവശ്യമായ ഒരോ കാര്യങ്ങള്‍ പറയും. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു ജീവനക്കാര്‍ക്ക് ലീവ് കൊടുത്തിരുന്നു. അവര്‍ നാട്ടിൽ പോയ സമയത്താണ് സംഭവം.

ഞങ്ങള്‍ മൂന്നുപേരായിരുന്നു അവിടെ  ജോലി ചെയ്തിരുന്നത്. ജീവനക്കാര്‍ കുറവായിട്ടും അവര്‍ക്ക് ലീവ് കൊടുത്തു. രാത്രി തനിയെ കിടക്കാൻ പേടിയുണ്ടെങ്കിൽ ഹോട്ടലിൽ കിടന്നോളാൻ പറഞ്ഞു. അവിടെ കിടന്നാൽ മാസ്റ്റര്‍ കാര്‍ഡ് വെച്ച് അയാള്‍ക്ക് തുറക്കാൻ കഴിയുമായിരുന്നു. അതിനാൽ വേണ്ടെന്നും വീട്ടിൽ തന്നെ കിടന്നോളാമെന്നും പറഞ്ഞു. സമയം പോകാൻ ഗെയിം കളിക്കുമായിരുന്നു. അങ്ങനെ ബിജിഎംഎ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്ക്രീൻ റെക്കോര്‍ഡ് ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ മുറി ആരോ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടു.

അപ്പോഴാണ് ഇയാളെ കണ്ടത്. മാസ്ക് ഒക്കെ വെച്ച് കള്ളുകുടിച്ച് കിറുങ്ങിയാണ് വന്നത്. കയ്യിൽ മാസ്കിങ് ടേപ്പും ഉണ്ടായിരുന്നു. അതോടെ ഞാൻ ഉറക്കെ അലറി കരഞ്ഞു. പിടിവലിക്കിടെ അയാളുടെ കൈ തട്ടിയാണ് ഫോണിന്‍റെ ക്യാമറ ഓണായത്. ഫോണ്‍ പിടിച്ചുവാങ്ങി അയാളുടെ പോക്കറ്റിൽ ഫോണിട്ടു.  എന്നെ പിടിക്കാൻ ശ്രമിച്ചപ്പോള്‍ തള്ളി മാറ്റി. പെട്ടെന്ന് എടുത്ത് താഴോട്ട് ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന റിയാസ് വന്ന് വലിച്ച് അകത്തേക്ക് കൊണ്ടുപോകാൻ നോക്കി. വീണിട്ട് കൈ മുട്ടൊക്കെ പൊട്ടിയിരുന്നു. രക്ഷപ്പെട്ട് ഓടാൻ കഴിഞ്ഞില്ല. ബഹളം വെച്ചപ്പോള്‍ വായ പൊത്തി. അപ്പോള്‍ ഞാൻ കടിച്ചു.  അപ്പോള്‍ ദൂരെ നിന്ന് ഒരു ചേട്ടൻ ടോര്‍ച്ചടിച്ച് എന്താണെന്ന് അന്വേഷിച്ചുവന്നു.

ഫോണ്‍ വിളിച്ചോണ്ടിരിക്കുമ്പോള്‍ വീണതാണെന്നാണ് വന്നയാളോട് പറഞ്ഞത്. അങ്ങനെ ഹോട്ടലുടമ തന്നെ വണ്ടിയുമെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡോക്ടറോട് ഞാൻ കാര്യം പറഞ്ഞു. ഫോണിൽ തെളിവുണ്ടെന്നും വാങ്ങി തരണമെന്നും ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍ ഫോണ്‍ വാങ്ങിയശേഷം അയാളെ അവിടെ കണ്ടിട്ടില്ല. പൊലീസുകാര്‍ താൻ അനുഭവിച്ച വേദന നേരിട്ട് കണ്ടതാണ്.

എന്നിട്ടും എഫ്ഐആര്‍ മാറ്റിയത് എന്താണെന്ന് അറിയില്ല. അയാള്‍ സംഭവം കഴിഞ്ഞിട്ടും ഹോട്ടൽ തുറന്നു. സാധാരണ പോലെ എല്ലാവരും ജോലിക്ക് വന്നു. ഇതിനിടയിൽ ഫോണിൽ മെസേജ് വന്നിരുന്നുവെന്ന് ഇന്നലെയാണ് അറിഞ്ഞത്. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നാണ് അയാള്‍ മെസേജ് അയച്ചതെന്നും അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ദേവദാസ് റിമാന്‍ഡിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker