എല്ലാ എംപിമാരുടെയും ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്നതിനുള്ള ബില്‍ ലോക്‌സഭ ചൊവ്വാഴ്ച പാസാക്കി. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ ഭേദഗതി ബില്‍ 2020 ലോക് സഭയിലെ അംഗങ്ങള്‍ ഏകകണ്ഠമായി പാസാക്കി.
സെപ്റ്റംബര്‍ 14 ന് ലോവര്‍ഹൗസിലാണ് ബില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ആദ്യം മന്ത്രിമാരുടെ ശമ്പളവും അലവന്‍സും വെട്ടിക്കുറക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം 2020 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തേക്ക് ഓരോ മന്ത്രിക്കും നല്‍കേണ്ട സമ്പൂര്‍ണ്ണ അലവന്‍സില്‍ 30 ശതമാനം വെട്ടിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഏപ്രില്‍ 5 ന് പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം ഭേദഗതി ചെയ്യാനും അലവന്‍സും പെന്‍ഷനും 30 ശതമാനം കുറയ്ക്കാനുമുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. എംപി ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് (എംപിഎല്‍ഡി) പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനും തുക സര്‍ക്കാരിന്റെ ഏകീകൃത ഫണ്ടിലേക്ക് മാറ്റാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, ഗവര്‍ണര്‍മാര്‍ എന്നിവരും ശമ്പളത്തില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ വാഗ്ദാനം ചെയ്തതായി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യം കൈകാര്യം ചെയ്യുന്നതിനും കോവിഡ് -19 വ്യാപനത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ക്കുമായി 2020-21, 2021-22 കാലയളവില്‍ എംപിമാരുടെ എംപിഎല്‍ഡി ഫണ്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എന്നും ജാവദേക്കര്‍ പറഞ്ഞു.