സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്നു; ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുള്ള 14 ദിവസ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ നീക്കം. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈനാണ് നിര്‍ത്തലാക്കുന്നത്. അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ച സംഭവത്തില്‍ ഉറവിടം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുള്ള 14 ദിവസ ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്തെ 32 കൊവിഡ് ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചതും തീരുമാനത്തിന് പിന്നിലുണ്ട്.
കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റീന്‍ മൂന്നോ നാലോ ദിവസമാക്കി ചുരുക്കാനും പരിശോധനകള്‍ക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കാനുമാണ് നീക്കം. ഇക്കാര്യത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
എന്നാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ച സംഭവത്തില്‍ ഉറവിടം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഉറവിടം കണ്ടെത്താതെ മരണമടഞ്ഞവരുടെ കാര്യത്തിലും അന്വേഷണം ഉണ്ടാകും. പിപിഇ കിറ്റ് ധരിച്ചിട്ടും രോഗബാധയുണ്ടാകുന്നതില്‍ കടുത്ത ആശങ്കയാണുള്ളത്. രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്.