തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പാഞ്ഞു പോയ യുവാവിന് എട്ടിന്റെ പണികൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കോടാലി സ്വദേശി അഖിലിനാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും അപ്രതീക്ഷിതമായി പണി കിട്ടിയത്. സ്മാര്‍ട്ട് ട്രേസര്‍ വഴി വിലാസം കണ്ടെത്തി അഖില്‍ വീട്ടില്‍ എത്തുന്നതിന് മുമ്പേ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരിന്നു. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിനും നിയോഗിക്കും. ഇത്തരത്തില്‍ മൂന്നു പേരെ ആശുപത്രി സേവനത്തിനായി നിയോഗിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും യാത്രികര്‍ക്കു പരുക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതും പെരുകിയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഹെല്‍മറ്റ് വേട്ട ശക്തമാക്കിയത്. ഇന്നലെ ഹെല്‍മറ്റ് ധരിക്കാത്തതിനു 15 ബൈക്കുകള്‍ പിടികൂടി. ബൈക്കുകള്‍ ഓടിച്ചവരുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ഇവരുടെ ലൈസന്‍സ് 3 മുതല്‍ 6 മാസം വരെ റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.