ന്യൂഡല്‍ഹി: പതിനഞ്ചുവയസുകാരിയെ അമ്മ ഒരു ലക്ഷം രൂപക്ക് മനുഷ്യക്കടത്തുകാര്‍ക്ക് വിറ്റു. ഒടുവില്‍ 15കാരി രക്ഷപ്പെട്ട് വനിതാ കമ്മീഷനിലും പോലീസിലും അഭയം തേടി. തന്റെ ഒരു വയസുകാരനായ സഹോദരനെയും മാതാവ് ഇത്തരത്തില്‍ വിറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഡല്‍ഹിയിലെ ഭവാനയില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. തന്റെ കൂടെ ബദര്‍പൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വരാന്‍ മാതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. മറ്റൊരാള്‍ വന്ന് വീട്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞ ശേഷം മാതാവ് ഇവിടെനിന്ന് മുങ്ങി. പിന്നീട് വന്നയാള്‍ പെണ്‍കുട്ടിയെ മറ്റൊരു വീട്ടിലാണ് എത്തിച്ചത്. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയോട് വിവാഹവസ്ത്രം അണിയാനും തയാറായി നില്‍ക്കാനും ആവശ്യപ്പെട്ടത്രെ. ഒരു ലക്ഷം രൂപക്ക് പെണ്‍കുട്ടിയെ വിറ്റതാണെന്നും ഇവര്‍ അറിയിച്ചു.
ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സ്വന്തം നാട്ടിലെത്തി അയല്‍ക്കാരോട് സഹായം ആവശ്യപ്പെടുകയും ഇവര്‍ പെണ്‍കുട്ടിയെ കുറിച്ച് വനിത കമ്മീഷനിലും പോലീസിലും വിവരം നല്‍കുകയുമായിരുന്നു. മാതാവിനും രണ്ടാനച്ഛനും നാല് സഹോദരങ്ങള്‍ക്കും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഏറെ കടം ഉള്ളതിനാലാണ് മാതാവ് തന്നെ വിറ്റതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റി.