കര്‍ണാടക: കരച്ചില്‍ നിര്‍ത്താതെ വന്നതോടെ അമ്മ മൂന്ന് മാസം പ്രായമുളള ആണ്‍കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം കനാലില്‍ എറിഞ്ഞുകൊന്നു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ചിക്കമംഗളൂരുവിലെ ബേട്ടതാവരക്കരയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കുഞ്ഞിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് കമലയും ഭര്‍ത്താവിന്റെ അമ്മയും തവരക്കരയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. കുട്ടിയെ ഇവിടെ അഡ്മിറ്റാക്കി. അസുഖം കാരണം കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല.
ഭര്‍ത്താവിന്റെ അമ്മ ഉറങ്ങിക്കിടന്ന നേരത്ത് കുഞ്ഞുമായി കമല പുറത്തേക്ക് പോയി. നാല് കിലോമീറ്ററോളം അകലെയുളള ഹാലിയൂരില്‍ എത്തി. കരച്ചില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം ഭദ്ര പദ്ധതിയുടെ കനാലിലേക്ക് എറിയുകയായിരുന്നു. തിരിച്ച് ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. അവര്‍ പോലീസിനെ അറിയിച്ചു. ഇതിനിടെ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം ഒഴുകിനടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി മൃതദേഹം കരക്കെത്തിക്കുകയുമായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.