ചെന്നൈ:അന്യഭാഷയിൽ നിന്ന് വന്ന് അഭിനയിച്ചവരിൽ നടി മീനയ്ക്ക് മലയാളികൾ ഒരു പ്രത്യേക സ്ഥാനം കൊടുത്തിട്ടുണ്ട്. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും അവർ സാന്നിധ്യമറിയിച്ചു.
സിനിമാരംഗത്ത് നാല്പത് വർഷം പൂർത്തിയാക്കിയ വേളയിൽ ഈയിടെ മീന തന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കൾക്കുമായി ഒരു ഗെറ്റ് റ്റുഗെദർ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ച് മീനയുടെ മകളും ബാലതാരവുമായ നൈനിക പറഞ്ഞ കാര്യം ചർച്ചയാവുകയാണ്.
കഴിഞ്ഞവർഷം ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. അതിനുശേഷം മീനയുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജവാർത്തകൾ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഗെറ്റ് റ്റുഗെദർ ചടങ്ങിൽ നൈനിക സംസാരിക്കുന്നത്. അമ്മയേക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് നൈനിക. അമ്മയും ഒരു മനുഷ്യസ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറയുന്നു.
“അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് ഞാൻ വളരെയേറെ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ മരണശേഷം അമ്മ ഏറെ വിഷാദത്തിലായിരുന്നു. കരയുന്നത് കണ്ടിട്ടുണ്ട്.
അതിനിടയിലാണ് വ്യാജ വാർത്തകൾ എത്തുന്നത്. എനിക്കു വേണ്ടിയെങ്കിലും ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, അവർക്കും വികാരങ്ങളുണ്ട്”. നൈനിക പറയുന്നു.
വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമയിലെത്തിയത്. മലയാളത്തിൽ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന ഒടുവിൽ അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും ലാലു അലക്സുമായിരുന്നു മുഖ്യവേഷങ്ങളിൽ.