കോട്ടയം: കോതനെല്ലൂരില്‍ രാത്രി ബസ് കാത്തു നിന്ന അമ്മയേയും മകളേയും യുവാവ് മദ്യലഹരിയില്‍ കൈയ്യേറ്റം ചെയ്തു. സംഭവത്തില്‍ കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്തിനെ(33) അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബല വകുപ്പുകളാണെന്നുള്ള ആരോപണവും ഉയര്‍ന്നു. ഇത് സംബന്ധിച്ച് കടുത്തുരുത്തി പോലീസിനെതിരെ അമ്മയും മകളും വൈക്കം എസ്പിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് യുവാവിനെതിരെ ഇന്നലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
നവംബര്‍ 30ന് രാത്രി 10 മണിയോടെയാണ് സംഭവം. കോതനെല്ലൂര്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിന്ന അമ്മയ്ക്കും മകള്‍ക്കും നേരെയായിരുന്നു രഞ്ജിത്തിന്റെ അക്രമണം. കക്കയിറച്ചി കച്ചവടത്തിന് ശേഷം ഇവര്‍ മിക്ക ദിവസവും രാത്രി 8.30നാണ് വീട്ടില്‍ പോകാറുള്ളത്. സംഭവ ദിവസം ഇവര്‍ക്ക് ബസ് കിട്ടിയിരുന്നില്ല. ഇതിനിടെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഇരുവരോടും മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്ത അമ്മയെ ഇയാള്‍ തള്ളി നിലത്തിട്ടു. ഇതോടെ മകള്‍ രഞ്ജിത്തിന്റെ കവിളത്തടിച്ചു. ഇതോടെ പ്രതി യുവതിയെയും മര്‍ദ്ദിക്കുകയായിരുന്നു.
സ്ത്രീയുടെയും മകളുടെയും നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ രഞ്ജിത്ത് അടുത്തുള്ള ബാറിലേക്ക് പോയി. ഈ സമയം അമ്മയും മകളും പോലീസിനെ വിവരം അറിയിക്കുകയും ബാറില്‍ എത്തി പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഇയാളെ താക്കീത് നല്‍കി പോലീസ് വിട്ടയയ്ക്കുകയായിരുന്നു. അമ്മയെയും മകളെയും രഞ്ജിത്ത് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ അടക്കമാണ് ഇവര്‍ എഎസ്പിക്കു പരാതി നല്‍കിയത്.