KeralaNews

‘ഞങ്ങള്‍ക്ക് ആരുമില്ല, അവനായിരുന്നു എല്ലാം’; കണ്ണീരോടെ അമ്മ, വീരമൃത്യു വരിച്ച വൈശാഖിനെ സല്യൂട്ട് ചെയ്ത് കുടുംബം

കൊട്ടാരക്കര: ‘ഞങ്ങള്‍ക്ക് ഇനി ആരുമില്ല. അവനായിരുന്നു ഞങ്ങള്‍ക്കെല്ലാം’ ജമ്മു കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വൈശാഖിനെക്കുറിച്ച് കണ്ണുനിറയാതെ ആ അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു വൈശാഖ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖ് അഭിമാനമാണെന്ന് അമ്മാവന്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു വൈശാഖ്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരന്‍. വൈശാഖിനു സല്യൂട്ട് നല്‍കുകയാണ് ഇവരെല്ലാം.

ആറ് മാസം മുന്‍പാണ് സ്വപ്ന ഭവനം വൈശാഖ് നിര്‍മ്മിക്കുന്നത്. രണ്ട് മാസം മുന്‍പാണ് അവസാനമായി വീട്ടിലെത്തിയത്. ഓണത്തിനായിരുന്നു അത്. എന്നാല്‍, അന്ന് യാത്ര പറഞ്ഞ് പോകുമ്പോള്‍ അത് അവസാനത്തെ യാത്ര പറച്ചില്‍ ആകുമെന്ന് ആരും കരുതിയില്ല. നാട്ടുകാരുടെ വലിയ സാന്നിദ്ധ്യം വൈശാഖിന്റെ വീടിന് മുന്നിലുണ്ട്. വൈശാഖം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.

2017ല്‍ സൈന്യത്തില്‍ ചേരുമ്പോള്‍ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. കൊട്ടാരക്കര വെളിയം ആശാമുക്ക് സ്വദേശിയായ വൈശാഖ് ഹരികുമാര്‍-മീന ദമ്പതികളുടെ മകനാണ്. ശില്‍പയാണ് ഏക സഹോദരി. വൈശാഖിന്റെ വേര്‍പാടില്‍ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.

കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് ഇന്നലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളണമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button