ഇന്നു മുതൽ ‘അൺലോക്ക്’ കൂടുതൽ കടകൾ തുറക്കാം
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ ‘അൺലോക്കി’ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗൺ പുതിയഘട്ടം തുടങ്ങി. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ വ്യവസായസ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. തുണിക്കടകൾ ജ്വല്ലറി. പുസ്തകവില്പന കടകൾ, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ തുറക്കാം തുടങ്ങി ഇളവുകൾ ഒരുപാടുണ്ട്. ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. അത് കൊണ്ടാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗൺ സമയപരിധി തീരുന്നതിന് മുമ്പ് തന്നെ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ നിശ്ചിതദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. അന്തർജില്ലാ യാത്രകളുടെ കാര്യത്തിലാണ് പിന്നീട് തീരുമാനം വരാനുള്ളത്.
തിങ്കളാഴ്ച തുടങ്ങുന്ന പുതിയ ലോക്ക്ഡൗൺ ഘട്ടം ആഴ്ചയിലെ ശരാശരി ടിപിആർ പരിശോധിച്ചാകും തുടർ തീരുമാനം. 20 ന് മുകളിലേക്കെത്തിയ ടിപിആർ ഇപ്പോൾ ശരാശരി 16 ലെത്തി. ഞായറാഴ്ച 16 ലും താഴെ എത്തിയതോടെ കൂടുതൽ ഇളവുകൾ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് പൊതുവെ സർക്കാർ അംഗീകരിക്കുന്നത്. എന്നാൽ ചില പഞ്ചായത്തുകളിൽ ഇപ്പോഴും 30 ശതമാനത്തിന് മേൽ ടിപിആർ തുടരുന്ന സാഹചര്യം വെല്ലുവിളിയായി തുടരുകയാണ്.