ഇടുക്കി: മൂലമറ്റത്തുണ്ടായ വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ്. സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. ഇയാള്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞു.
യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് വെടിവയ്പില്‍ മരിച്ചത്. സാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്.
ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന കുട്ടു ഈയിടെയാണ് നാട്ടില്‍ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഇയാള്‍ ബഹളമുണ്ടാക്കിയിരുന്നു. ഇതാണു ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചത്. തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്നു ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍ തോക്കുമായി തിരിച്ചെത്തിയതും കാറിലിരുന്നുതന്നെ വെടിയുതിര്‍ത്തതും.അഞ്ചുതവണ വെടിവച്ചതായി ദൃക്‌സാക്ഷി പറഞ്ഞു.
വെടിവയ്പിനിടെ ഇതുവഴി സ്‌കൂട്ടറില്‍ വരുമ്പോഴാണു സനലിനു വെടിയേറ്റത്. കഴുത്തില്‍ വെടിയുണ്ട തുളച്ചുകയറിയതാണു മരണകാരണമെന്നു പൊലീസ് വ്യക്തമാക്കി. നാട്ടുകാരെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയാണു പ്രതി വെടിവച്ചതെന്നും ശേഷം വാഹനത്തില്‍ രക്ഷപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. രക്ഷപ്പെടുന്നതിനിടെ മുട്ടത്തുവച്ചാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.