കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഒന്‍പത് വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ എറണാകുളം എസിജഐം കോടതി ഉത്തരവിട്ടു. പോലീസിന് അനുവദിച്ച മൂന്ന് ദിവസ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ഇയാളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് മോന്‍സണെ കോടതിയില്‍ ഹാജരാക്കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്ന് ദിവസമാണ് കോടതി അനുവദിച്ചിരുന്നത്.
പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സന്റെ പേരില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ഇയാളുടെ ആഡംബരക്കാറുകള്‍ പലതും വ്യാജമെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പല വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. 20 വര്‍ഷം വരെ പഴക്കമുള്ള ഇറക്കുമതി കാറുകളാണ് നിസാര വിലയ്ക്ക് ഇയാള്‍ വാങ്ങിക്കൂട്ടിയത്. കലൂരും ചേര്‍ത്തലയിലുമായി 30 ആഡംബര വാഹനങ്ങളാണ് ഇയാള്‍ക്കുള്ളത്. ഇതില്‍ ഒരെണ്ണത്തിന് മാത്രമാണു കേരള രജിസ്‌ട്രേഷനുള്ളത്.
മോന്‍സന്റെ കലൂരിലെ വീട്ടില്‍നിന്നു പിടിച്ചെടുത്ത നാല് ആനക്കൊമ്പുകളും മറ്റെന്തോ കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ചതാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഒട്ടകത്തിന്റെ എല്ല് ആനക്കൊമ്പാണെന്നു പറഞ്ഞ് അരക്കോടി രൂപയ്ക്കു മോന്‍സന്‍ ബംഗളൂരു സ്വദേശിക്ക് വിറ്റ കഥയും പുറത്തുവന്നിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ബംഗളൂരു സ്വദേശി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്.