KeralaNews

മോന്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കള്‍ പലതും നിര്‍മിച്ചത് ചേര്‍ത്തലയിലെ ആശാരി; കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കല്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കള്‍ പലതും നിര്‍മിച്ചതെന്ന് കണ്ടെത്തല്‍. ചേര്‍ത്തല സ്വദേശിയായ ആശാരിയാണ് ഇത് നിര്‍മിച്ച് നല്‍കിയത്. മോന്‍സണ്‍ന്റെ കലൂരുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്.

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തണ്ടിപ്പാണ് മോന്‍സണ്‍ നടത്തിയത്. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്.

പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം മോന്‍സണെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാള്‍ വ്യാജരേഖയും ചമ്മച്ചിരുന്നു. മോന്‍സണ്‍ന്റെ പേരില്‍ വിദേശത്ത് അക്കൗണ്ടുകള്‍ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. മോന്‍സണൊപ്പം മൂന്നുപേര്‍കൂടി പിടിയിലായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button