തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയനായ ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നീക്കം. ലക്ഷ്മണയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാനായി സമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഐജി സസ്‌പെന്‍ഷനിലായി രണ്ട് മാസം തികയും മുന്‍പ് ആണ് തിരക്കിട്ട നീക്കം.
ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കേസില്‍ ഐ.ജി ലക്ഷ്മണയെ ഇത് വരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 10 നാണ് ഐ.ജിയെ സസ്‌പെന്‍ഡ് ചെയ്തത്.
നേരത്തെ മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോണ്‍സണ് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.
മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ പുരാവസ്തുക്കളെന്ന പേരില്‍ സൂക്ഷിച്ച വസ്തുക്കളുടെ ആധികാരികത കേന്ദ്ര ആര്‍ക്കിയോളജി സര്‍വ്വെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്രകാരമാണ് ചെന്നൈയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയത്. ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍ അടക്കം 13 സാധനങ്ങളുടെ പരിശോധന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് തേടിയത്. നേരത്തെ തൃശ്ശൂരില്‍ നിന്നുള്ള ആര്‍ക്കിയോളജി സര്‍വ്വെ സംഘം 35 സാധനങ്ങള്‍ പരിശോധിച്ച് ഇവ വ്യാജമാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കുറ്റപത്രമടക്കം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ മോന്‍സനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.
മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോന്‍സന്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു. മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പുരാവസ്തു തട്ടിപ്പിലൂടെ മോന്‍സന്‍ തട്ടിയ കോടികള്‍ സുഹൃത്ത് സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കണക്ക് കൂട്ടുന്നത്. മോന്‍സനുമായി ശ്രുതി ലക്ഷ്മി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തതയുണ്ടാക്കാനാണ് നടിയെ വിളിച്ച് വരുത്തിയത്. തൃശ്ശൂര്‍ കരീച്ചിറയില്‍ ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മോന്‍സന്റെ സാമ്പത്തിക നിക്ഷേപം ഉണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്.
ഇവിടെവെച്ച് മോന്‍സന്റെ പുരാവസതു തട്ടിപ്പ് കേസിലെ കൂട്ട് പ്രതി ജിഷ്ണുവിന്റെ പിറന്നാള്‍ ആഘോഷമടക്കം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഡാന്‍സര്‍ എന്ന നിലയില്‍ മോന്‍സന്‍ ക്ഷണിച്ചപ്പോള്‍ നൃത്തം അവസരിപ്പിച്ചതല്ലാതെ മറ്റ് പുരാവസ്തു ഇടപാടുകളില്‍ താന്‍ പങ്കാളിയല്ലെന്നാണ് ശ്രുതി മൊഴി നല്‍കിയിട്ടുള്ളത്. മോന്‍സനുമായി ബന്ധപ്പെട്ട മറ്റ് കൂടുതല്‍ ആളുകളെ ഇഡി വരും ദിവസം ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും മൊഴികളും കൈമാറണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.