മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ ഉടൻ
ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസ് ക്രൈം ഗണത്തില്‍പ്പെട്ട മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം ഉടൻ പ്രദർശനത്തിനെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്. നാല് ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്.
ലോക്ക് ഡൗൺ കാലത്താണ് മണി ഹീസ്റ്റ് വലിയ ചർച്ചാ വിഷയമായി മാറിയത്. ഏപ്രില്‍ 3 ന് സീരിസിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തതതിന് പിന്നാലെ തന്നെ അടുത്ത സീസണിനായുള്ള കാത്തിരിപ്പിലായിരുന്ന ആരാധകർക്ക് ഈ വാർത്ത സന്തോഷം പകരുമെന്നത് ഉറപ്പാണ്. സ്പാനിഷ് ഭാഷയിലാണ് സീരിസ് നിര്‍മിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുള്ളവരും ഇപ്പോള്‍ ഷോ കാണുന്നുണ്ട്. ഇന്ത്യയിലും വലിയ വിഭാഗം പ്രേക്ഷകരാണ് സീരിസിനുള്ളത്.
പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചു. സീരീസിലെ ഏറ്റവും സംഘർ ഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നിൽക്കുന്നതോടെയാണ് 4-ാമത്തെ സീസൺ അവസാനിച്ചത്.
2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയിൽ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍’ എന്ന പേരിൽ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത് മണി ഹീസ്റ്റ് എന്ന പേരിൽ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.