എ.ആര്‍ റഹ്‌മാന്റെ വിഹാമോചനത്തിന് പിന്നിലെ റഹ്‌മാന്റെ സംഘത്തിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയ്ക്കും വിവാഹമോചനം; ചര്‍ച്ചയായി കുറിപ്പ്
മുംബൈ:എ.ആര്‍. റഹ്‌മാന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതലോകത്തെ ഞെട്ടിച്ച് മറ്റൊരു വിവാഹമോചനവാര്‍ത്തയും. എ.ആര്‍. റഹ്‌മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ ആണ് താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചത്.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു മോഹിനി ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹിനിയും ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. പരസ്പരധാരണയോടെയാണ് തങ്ങള്‍ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതെന്നും തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് തങ്ങളെടുത്ത തീരുമാനത്തെ അംഗീകരിക്കണമെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അവർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഹൃദയഭാരത്താലാണ് മാര്‍ക്കും താനും വേര്‍പിരിഞ്ഞെന്ന വിവരം പങ്കുവെയ്ക്കുന്നതെന്ന് പറഞ്ഞാണ് മോഹിനിയുടെ കുറിപ്പ് ആരംഭിക്കുന്നത്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നും ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനായി പരസ്പരധാരണയോടെ വേര്‍പിരിയുന്നതാണ് നല്ലതെന്നാണ് തങ്ങള്‍ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്. ‘മാമോഗി’ ‘മോഹിനി ഡേ’ ഗ്രൂപ്പുകള്‍ അടക്കം നിരവധി പ്രൊജക്ടുകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുമിച്ച് ജോലിചെയ്യുന്നതില്‍ രണ്ടുപേരും അഭിമാനിക്കുന്നതായും അതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉടന്‍ അവസാനിപ്പിക്കില്ലെന്നും മോഹിനി ഡേ പറഞ്ഞു.
കൊല്‍ക്കത്ത സ്വദേശിയായ മോഹിനി ഡേ മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 28 വയസ്സാണ് പ്രായം. എ.ആര്‍. റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ഷോകളില്‍ മോഹിനിയും പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയാണ് ഈ വിവരം ആദ്യം വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍. റഹ്‌മാനും രംഗത്തെത്തിയിരുന്നു.