‘മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണം’; പ്രതിരോധ മന്ത്രിക്ക് കത്ത്

മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പദവി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്. ചിത്രത്തിലെ കഥാപാത്രത്തിലൂടെ സൈനിക പദവിയുടെ അന്തസ്സിൽ മോഹൻലാൽ വിട്ടുവീഴ്ച ചെയ്തെന്നാണ് സംഘടനയുടെ ആരോപണം.
മോഹന്‍ലാല്‍ നിരവധി ദേശസ്‌നേഹമുണര്‍ത്തുന്ന സിനിമകളില്‍ അഭിനയിച്ചിരുന്നു. നിരവധി യുവാക്കളെ പ്രേചോദിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഓണററി പദവിയായി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവി നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ രാജ്യത്തെയും ഹിന്ദുക്കളെയും അപമാനിക്കുകയാണ് എന്ന് കത്തില്‍ പറയുന്നു.
സത്യം വളച്ചൊടിച്ച് ഇന്ത്യാവിരുദ്ധ ശക്തികളെ മഹത്വവത്കരിക്കുകയും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുകയും ചെയ്തു. മാത്രമല്ല സൈന്യത്തെയും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാജ്യത്തെ അന്വേഷണ ഏജന്‍സികളെയും മോശമായി ചിത്രീകരിച്ചു. തുടങ്ങിയ കാര്യങ്ങളാണ് കത്തില്‍ ആരോപിക്കുന്നത്. സ്വകാര്യ ജ്വല്ലറിയുടെ പരസ്യത്തില്‍ യൂണിഫോമിട്ട് പങ്കാളിയായി തുടങ്ങിയ ആരോപണവും ഉന്നയിക്കുന്നുണ്ട്. മോഹന്‍ലാല്‍ സൈനിക യൂണിഫോമിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തിയെന്നും അഖില ഭാരതീയ മലയാളി സംഘ് ആരോപിക്കുന്നു.

ചിത്രത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രമേയത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ നായകന്‍ മോഹന്‍ലാല്‍ തന്നെ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും വിമർശനങ്ങൾക്ക് അയവുണ്ടായില്ല. വിവാദഭാഗങ്ങള്‍ ഒഴിവാക്കാനും തീരുമാനമായിരുന്നു. എന്നാൽ, എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകിയേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തീയേറ്ററുകള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം റീ എഡിറ്റഡ് വേര്‍ഷന്‍ ചൊവ്വാഴ്ച തന്നെ തീയറ്ററില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്.
വിവാദങ്ങൾ ഉയർന്നുനിൽക്കേ, ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്.