കഴിഞ്ഞ ദിവസം വാഗമണ്ണില്‍ എത്തിയ ഇറ്റലിക്കാരന് മുറി നിഷേധിച്ചതും രാത്രിയില്‍ മുറികിട്ടാതെ ഇയാള്‍ സെമിത്തേരിയില്‍ ഉറങ്ങിയതും വാര്‍ത്തയായിരുന്നു. ഇറ്റലിക്കാരനായതുകൊണ്ടാണ് ഇയാള്‍ക്ക് മുറി കിട്ടാതിരുന്നത്. പോലീസിന് ഇയാളെ സമയത്ത് കണ്ടെത്താന്‍ കഴിയാതെ പോയതും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരത്ത് മുറി ബുക്ക് ചെയ്തിട്ട് എത്തിയ അര്‍ജന്റീനക്കാരിക്ക് രാത്രിയില്‍ നേരിടേണ്ടിവന്നതും ഇതേ അവഗണന. നമ്മള്‍ മലയാളികള്‍ ഇങ്ങനെയാണോ? ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തുന്ന വിദേശികളെ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ അവഹേളിക്കരുതെന്ന് നടന്‍ മോഹന്‍ലാല്‍ തന്റെ കുറിപ്പില്‍ പറയുന്നു.
‘ഇവരാരും രോഗവും കൊണ്ട് വരുന്നവരല്ല. അവരുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു ഭാഗം കൂട്ടിവച്ച് ഈ നാടുകാണാന്‍ വന്നവരാകും. അവരോട് നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരത് വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടെത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നത് നമ്മുടെ സംസ്‌കാരമല്ല. ഭാഷപോലും അറിയാത്ത രാജ്യത്ത് നമുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്ക് താങ്ങാനാകുമോ?’ മോഹല്‍ലാലിന്റെ കുറിപ്പില്‍ പറയുന്നു.
സ്വയം ക്വാറന്റൈന് വിധേയനായ ആളെ പൂട്ടിയിട്ടതിനെയും ലാല്‍ വിമര്‍ശിക്കുന്നുണ്ട്. പ്രളയകാലത്തെന്നപോലെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. ദൂരം പാലിക്കണമെന്ന് പറയുന്നത് മനസ്സിന്റെ കൂട്ടായ്മയും ദൂരവും കുറയ്ക്കണമെന്നല്ല, പതിന്മടങ്ങ് കൂട്ടണമെന്നാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേവാലയങ്ങള്‍ അടച്ചാലും മനസ്സില്‍ പ്രാര്‍ത്ഥിക്കുക ലോകത്തിന് വേണ്ടി… ‘ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രി വരാന്ത തുടച്ച് വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീല വസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്നെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം’ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.