സംസ്ഥാന പൊലീസ് സേനക്കായി ഇനി ഫൈബർ ലാത്തിയും, ഹെവി മൂവബിൾ ബാരിക്കേഡും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനക്കായി മൂവായിരത്തോളം അത്യാധുനിക ഫൈബർ ലാത്തികളും ഹെവി മൂവബിൾ ബാരിക്കേഡുകളും ഉടനെത്തും. കേരളത്തിൽ നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഫലപ്രദമായി നേരിടാനാണ് ഫൈബർ ലാത്തിയും ഹെവി മൂവബിൾ ബാരിക്കേഡുകളുമെന്ന് റിപ്പോർട്ടുകൾ.
സ്‌റ്റേഷനുകളിലും കൺട്രോൾ റൂമുകളിലും സംഘർഷങ്ങളും ക്രമസമാധാന വിഷയങ്ങളും കൈകാര്യം ചെയ്യേണ്ട സന്ദർഭങ്ങളിൽ ഏറ്റവും കുറഞ്ഞത് ലാത്തി പോലുമില്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 3000 ലാത്തികൾ അടിയന്തരമായി വാങ്ങുന്നത്.
3000 ലാത്തികൾക്കായി 45 ലക്ഷം രൂപയാണ് ചെലവിടുന്നത്. തലയും നെഞ്ചും ശരീരവും ഉൾപ്പെടെ മർമ്മസ്ഥാനങ്ങൾ തല്ലിച്ചതയ്ക്കാതെ ബ്ളോക്ക് ചെയ്ത് തന്ത്രപൂർവം കീഴ്പ്പെടുത്തുകയോ കാൽമുട്ടിന് താഴെ മാത്രം പ്രയോഗിക്കുകയോ ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കാരം. ഇതനുസരിച്ച് ആൾക്കൂട്ട പ്രതിഷേധത്തിൽ ശക്തമായ പ്രതിരോധം തീർക്കാൻ ശേഷിയുള്ള സ്ട്രോംഗ് ഫൈബർ ലാത്തികളാണ് ഓർഡർ ചെയ്തിരിക്കുന്നത്.