മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും ഒരുമിച്ചുള്ളതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. നിർമിത ബുദ്ധി (എഐ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ സാനിയ മിർസ ഒരു സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.
ഷമിയും സാനിയയും ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന രീതിയിലായിരുന്നു ചിത്രങ്ങൾ വൈറലായത്. അബുദബിയിൽ ലോക ടെന്നിസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയയുള്ളത്. മുഹമ്മദ് ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുന്നു. മുഹമ്മദ് ഷമിയും സാനിയയും വിവാഹിതരാകുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുഹമ്മദ് ഷമി രൂക്ഷഭാഷയിൽ പ്രതികരിച്ചു. ഇതുപോലുള്ള തമാശകൾ രസകരമായി തോന്നുമെങ്കിലും, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്നു മനസ്സിലാക്കണമെന്നായിരുന്നു ഷമിയുടെ പ്രതികരണം. വ്യാജ പേജുകളിൽനിന്ന് അഭ്യൂഹങ്ങൾ പരത്തുന്നത് അവസാനിപ്പിക്കണമെന്നും ഷമി വ്യക്തമാക്കി.