NationalNews

400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ രാജ്യം വിടാൻ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടി; ആഞ്ഞടിച്ച് രാഹുൽ

ബെംഗളുരു: പ്രജ്വൽ രേവണ്ണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ രാജ്യം വിടാൻ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് രാഹുൽ വിമർശിച്ചു. ഇത് ചെറിയ കേസല്ലെന്നും സമൂഹ ബലാത്സംഗം എന്ന് വിളിക്കണ്ട സംഭവമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അങ്ങനെയുള്ള ഒരു പ്രതിയെ സ്റ്റേജിൽ ഇരുത്തി ഇയാൾക്ക് കിട്ടുന്ന വോട്ട് തനിക്ക് കിട്ടുന്ന വോട്ട് ആണെന്ന് പറഞ്ഞ ആളാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു. ഒരു സമൂഹ ബലാത്സംഗം നടത്തിയ കൊടുംകുറ്റവാളിക്കാണോ മോദി പിന്തുണ പ്രഖ്യാപിച്ചതെന്നും രാഹുൽ ചൂണ്ടികാട്ടി.

പ്രജ്വൽ രേവണ്ണ വിഷയം മോദി അടക്കമുള്ള ബി ജെ പി നേതൃത്വത്തിന് അറിയാം എന്ന വിവരം ആണ് പുറത്ത് വരുന്നതെന്നും രാഹുൽ പറഞ്ഞു. വിഷയം നേരത്തെ തന്നെ അറിഞ്ഞിട്ടും മോദി അത് മറച്ചു വെച്ചു, പ്രജ്വലിന് പിന്തുണ നൽകി. അങ്ങനെ ലോകത്തിന് മുന്നിൽ മോദി രാജ്യത്തെ നാണം കെടുത്തി. സഖ്യം ഉണ്ടാക്കാൻ എന്തും ചെയ്യുന്ന ആളാണ്‌ മോദിയെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

പ്രജ്വൽ വിഷയത്തിൽ രാജ്യത്തെ സ്ത്രീകളോട്, നമ്മുടെ അമ്മമാരോട്, സഹോദരിമാരോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമൂഹ ബലാത്സംഗം നടത്തിയ കുറ്റവാളിയെ രാജ്യം വിടാൻ അനുവദിക്കൽ ആണ് മോദിയുടെ ഗ്യാരണ്ടി. കയ്യിൽ ഇന്റലിജൻസും കസ്റ്റംസും ഐ ബിയും ഉണ്ടായിട്ടും പ്രജ്വലിനെ മോദി രാജ്യം വിടാൻ അനുവദിച്ചു.

അതേസമയം പ്രകടനപത്രികക്കെതിരായ വിമർശനത്തിലും രാഹുൽ മറുപടി പറഞ്ഞു. സംവരണം ഇല്ലാതാക്കാൻ ആണ് ബി ജെ പി ശ്രമിക്കുന്നതെന്നും ഇന്ത്യ സഖ്യം ഭരണഘടന സംരക്ഷിക്കുമെന്നും ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു.

തുല്യ നീതി വേണം എന്ന് പറയുന്നവർ നക്സലുകൾ എന്നാണ് ബി ജെ പി അധ്യക്ഷൻ ജെപി നദ്ദ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞതെന്ന് ചൂണ്ടികാട്ടിയ രാഹുൽ, പിന്നാക്ക, ദളിത്‌, ഗോത്ര വിഭാഗത്തിൽ ഉള്ളവർ തുല്യനീതി വേണം എന്ന് പറഞ്ഞാൽ അത് നക്സൽ വാദം ആകുന്നത് എങ്ങനെയെന്നും ചോദിച്ചു. ജെ പി നദ്ദക്കെതിരെ ഭരണഘടനയെ അപമാനിച്ചതിൽ കേസ് എടുക്കണമെന്നും അദ്ദേഹം ബംഗളുരുവിൽ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker