ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഭാര്യയെ രക്ഷിക്കാന്‍ യുദ്ധം ചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് എങ്ങനെ പൂജ ചെയ്യാനാകും എന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.
‘അയോധ്യയിലെ രാംലല്ല മൂര്‍ത്തിയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും? ഒന്നര പതിറ്റാണ്ടോളം സീതയെ രക്ഷിക്കാനാണ് രാമന്‍ യുദ്ധം ചെയ്തത്. മോദി സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയാണ് ചെയ്തത്. അതുകൊണ്ട് മോദിക്ക് പൂജ നടത്താനാവുമോ?’ സുബ്രഹ്‌മണ്യന്‍ സ്വാമി ചോദിച്ചു.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് സ്വീകരിച്ചെങ്കിലും സിപിഐഎം ബഹിഷ്‌കരിക്കുകയായിരുന്നു.
സോണിയാ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മതപരമായ ചടങ്ങിനെ സംസ്ഥാന സ്പോണ്‍സേഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.
മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി പറഞ്ഞു.