ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായി മുന്നേറി, മോദി എക്സിൽ കുറിച്ചു.
ധനമന്ത്രി ഉൾപ്പെടെ വിവിധ ഭരണ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിങ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം കുറിച്ചു.
വ്യാഴാഴ്ച രാത്രി 9.51-നാണ് മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ് വിടവാങ്ങുന്നത്. 92 വയസ്സായിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ടോടെയാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു.