CrimeKeralaNews

ഡിജെ പാർട്ടി ദൃശ്യങ്ങൾ ഒളിപ്പിച്ചതെന്തിന്? തർക്കത്തിനും ചേസിംഗിനും മറുപടി വേണം, മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമയെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ദുരൂഹത ഒഴിയുന്നില്ല

കൊച്ചി:മുൻ മിസ് കേരള അൻസി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്തു. ഏഴ് മണിക്കൂറോളമാണ് റോയിയെ പോലീസ് ചോദ്യം ചെയ്തത്. പോലീസ് ആവശ്യപ്പെട്ടത് പ്രകാരം സിസിടിവി ദൃശ്യങ്ങൾ റോയി ഹാജരാക്കിയിരുന്നു. ഡി.ജെ പാർട്ടിയുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഇന്ന് ഹാജരാക്കിയവയിൽ ഉണ്ടെങ്കിലും ഇതിൽ ദുരൂഹമായി ഒന്നുമില്ലെന്നാണ് എറണാകുളം എ.സി.പി പറയുന്നത്. അതേസമയം ചില തർക്കങ്ങൾ നടന്നതായി പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതൽ പരിശോധന പോലീസ് നടത്തും.

കഴിഞ്ഞ ദിവസം മുൻ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടർന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെ എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button