തിരുവനന്തപുരം:പൊതുഗതാഗത മേഖലയിൽ പുതിയ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് മാതൃകാ സുരക്ഷാ ഇടനാഴി തയ്യാറായി. റോഡുകൾ വിശാലമായാൽ മാത്രം പോരാ അവ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്നവ കൂടെയാകണമെന്ന കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് സേഫ് കോറിഡോർ ഡെമോൺസ്ട്രേഷൻ പ്രോജക്റ്റ് എന്ന മാതൃകാ പദ്ധതി നടപ്പിലാക്കിയത്.
കഴക്കൂട്ടം മുതൽ തൈക്കോട് ലിങ്ക്-72 ബൈപ്പാസ് റോഡും, തൈക്കോട് മുതൽ അടൂർ വരെയുള്ള എം.സി. റോഡിൻ്റെ 78.65 കി.മീ ഭാഗവും അന്തർദേശീയ നിലവാരത്തിലുള്ള മാതൃകാ സുരക്ഷാ റോഡ് ആയി വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കിയത്. 146.67 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. 3 ജില്ലകളിൽ കൂടിയും 9 നിയോജകമണ്ഡലങ്ങളിൽ കൂടിയുമാണ് മാതൃകാ സുരക്ഷാ ഇടനാഴി കടന്നു പോകുന്നത്.
പദ്ധതിയുടെ ഭാഗമായി ഉപരിതലം പുതുക്കൽ, ഓട നിർമ്മാണം, കലുങ്കുകളുടെ നിർമ്മാണം, സംരക്ഷണ ഭിത്തി കെട്ടൽ, തുടങ്ങിയ അനവധി സിവിൽ പ്രവൃത്തികൾ 86.5 കോടി രൂപ ചിലവിൽ പൂർത്തികരിച്ചു. 43.86 കോടി രൂപയുടെ റോഡ് സുരക്ഷാ പ്രവൃത്തികളും പൂർത്തീകരിച്ചു കഴിഞ്ഞു. ജംഗ്ഷൻ നവീകരണം, ക്രാഷ് ബാരിയറുകൾ, സ്കൂൾ സോൺ / ഗേറ്റ് വേ ട്രീറ്റ്മെൻ്റ്, സോളാർ സ്ട്രീറ്റ് ലൈറ്റ്, മിനി മാസ്സ് ലൈറ്റ് മുതലായ നിരവധി പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന റോഡ് എൻഫോഴ്സ്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി വാഹനങ്ങളുടെ അമിതവേഗത, നിയമ ലംഘനങ്ങൾ എന്നിവ കുറയ്ക്കാൻ വേണ്ട സംവിധാനങ്ങളും ശക്തമാക്കുകയാണ്. അതിനായി 2.5 കോടി രൂപ വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി അനുവദിച്ചു.
അപകടം മൂലമുണ്ടാകുന്ന മരണങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായി പോസ്റ്റ് ക്രാഷ് ട്രോമാ കെയർ സംവിധാനവും തയ്യാറാകുന്നു. 28.215 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.