ന്യൂയോർക്ക്: കരിയറിലെ 46-ാം കിരീടത്തിൽ മുത്തമിട്ട് ലയണൽ മെസ്സി. എം.എൽ.എസ്. സപ്പോട്ടേഴ്സ് ഷീൽഡ് ചാമ്പ്യൻഷിപ്പിലൂടെ ഇന്റർ മയാമിയിലാണ് മെസ്സിയുടെ നേട്ടം. കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് തകർത്തത്. മൂന്നിൽ രണ്ടു ഗോളുകളും മെസ്സിയുടെ വകയായിരുന്നു. ലൂയിസ് സുവാരസാണ് മറ്റൊരു ഗോൾ നേടിയത്.
മത്സരത്തിൽ 45-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ ഇന്റർ മയാമി ലീഡെടുക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ വീണ്ടും വലകുലുക്കി. എന്നാൽ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ കൊളമ്പസ് തിരിച്ചടിച്ചു. 46-ാം മിനിറ്റിൽ ഡീഗോ റോസിയിലൂടെയാണ് കൊളമ്പസ് ആദ്യ ഗോൾ മടക്കിയത്. എന്നാൽ രണ്ടുമിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി ലക്ഷ്യം കണ്ടു.
3-1 എന്ന നിലയിലിരിക്കെ 61-ാം മിനിറ്റിൽ ഹെർനാണ്ടസിലൂടെ വീണ്ടും തിരിച്ചടിച്ച് കൊളമ്പസ് മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അവസാന മിനിറ്റുകളിൽ മയാമി പ്രതിരോധം ശക്തമാക്കുകയായിരുന്നു. 84-ാം മിനിറ്റിൽ പെനാൽറ്റി സേവ് ചെയ്തതും മയാമിക്ക് ജയം ഉറപ്പിക്കുകയായിരുന്നു.
മെസി ഇന്റർ മയാമിയിൽ എത്തിയ ശേഷം ക്ലബ്ബ് നേടുന്ന രണ്ടാം കിരീടമാണ് ഇത്. കഴിഞ്ഞ തവണ ലീഗ് കപ്പും ഇന്റർ മയാമി സ്വന്തമാക്കിയിരുന്നു. കിരീടനേട്ടത്തിന് ശേഷം ടീമംഗങ്ങളടക്കമുള്ളവർ ഡ്രസ്സിങ് മുറിയിൽ ഷാംപെയിനുമായി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ് ഫോമിൽ വൈറലാണ്.