ഫ്ലോറിഡ: അർജന്റീനൻ നായകന്റെ കടന്നുവരവോടെ സമാനതകളില്ലാത്ത മുന്നേറ്റമാണ് അമേരിക്കൻ ക്ലബ് ഇന്റർ മയാമി നടത്തുന്നത്. ലീഗ്സ് കപ്പിൽ മെസ്സി മാജിക്കിൽ ഇന്റർ മയാമി മുത്തമിട്ടു. യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലും മെസ്സിയും സംഘവും എത്തിയിട്ടുണ്ട്.
മെസ്സി അരങ്ങേറിയ ശേഷം 11 മത്സരങ്ങൾ മയാമി ജഴ്സിയിൽ കളിച്ചു. പത്തിലും ജയം നേടിയപ്പോൾ ഒരെണ്ണം സമനിലയിൽ ആയി. ഇപ്പോഴിതാ ലോകകപ്പ് ജേതാവ് മറ്റൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ സീസണിൽ തന്നെ ഇന്റർ മയാമി മേജർ ലീഗ് കിരീടം നേടണമെന്നാണ് മെസ്സിയുടെ ആഗ്രഹം.
ഇന്റർ മയാമി സംഘം നന്നായി മുന്നേറുന്നു. മേജർ ലീഗ് സോക്കറിലെ മികച്ച എട്ട് ടീമിലേക്ക് മയാമി മുന്നേറും. ഓരോ വിജയവും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. തുടക്കം മുതലെ താൻ ഒരു കാര്യം പറയുന്നുണ്ട്. മേജർ ലീഗ് സോക്കറിന്റെ ഫൈനലിൽ എത്താൻ സാധിച്ചാൽ അത് വലിയ ഭാഗ്യമാണ്. ഇന്റർ മയാമി ഫൈനലിൽ എത്തുമെന്നും മെസ്സി വ്യക്തമാക്കി. എംഎൽഎസിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് ആയിരുന്നു മെസ്സിയുടെ പ്രതികരണം.
മേജർ ലീഗ് സോക്കറിൽ 15-ാം സ്ഥാനത്തായിരുന്നു ഇന്റർ മയാമി. ലീഗിലെ അവസാന സ്ഥാനം. മെസ്സി വന്നതിന് ശേഷം മൂന്ന് മത്സരം കളിച്ച മയാമി രണ്ട് ജയവും ഒരു സമനിലയും നേടി. എങ്കിലും പോയിന്റ് ടേബിളിൽ ഒരു സ്ഥാനം മാത്രമാണ് മയാമി മുന്നോട്ട് കയറിയത്. ടൂർണമെന്റിൽ 34 മത്സരമാണ് ഒരു ടീമിന് ആകെയുള്ളത്. ഇന്റർ മയാമി 25 മത്സരം കളിച്ചുകഴിഞ്ഞു. ഏഴ് ജയവും നാല് സമനിലയും നേടിയപ്പോൾ 14 മത്സരങ്ങൾ മയാമി സംഘം പരാജയപ്പെട്ടു.
ആദ്യ ഒൻപത് സ്ഥാനങ്ങളിലേക്ക് എത്തുന്നവർക്ക് ആണ് അടുത്ത റൗണ്ടിലേക്ക് പ്രവേശനം. ഇപ്പോൾ 14-ാം സ്ഥാനത്തുള്ള മയാമി ഇനി അഞ്ച് സ്ഥാനങ്ങൾ മുന്നോട്ട് നീങ്ങണം. മയാമിക്ക് ബാക്കിയുള്ളത് ഒൻപത് മത്സരങ്ങളാണ്. ഇനിയുള്ള മത്സരങ്ങളിൽ പരാജയം ഒഴിവാക്കിയാൽ മാത്രമെ മെസ്സിക്കും സംഘത്തിനും അടുത്ത റൗണ്ടിലേക്ക് നീങ്ങാൻ കഴിയു