കൊച്ചി: ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ യുവതിയ്ക്ക് സഹായമായത് കേരള പൊലീസ് മാത്രം. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. അക്രമിയെ പിടിക്കാൻ സാധിച്ചതിൽ കേരള പൊലീസിന് നന്ദി പറയുമ്പോഴും സഹ യാത്രികരുടെ മനോഭാവം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല യുവതി. പിറവം സ്വദേശിയാണ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. കേരള പൊലീസിന് നന്ദി പറഞ്ഞുകൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് കുറിപ്പാണ് സംഭവം പുറത്തറിയാൻ കാരണമായത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒട്ടും പ്ലാൻ ചെയ്തുള്ള യാത്ര അല്ലാതിരുന്നത് കൊണ്ട് കോഴിക്കോട് നിന്നും ഇന്നലെ വൈകുന്നേരം മാംഗ്ലൂർ ട്രിവാൻഡറും എക്സ്പ്രസ്സ് ട്രെയ്നിലെ ജനറൽ കമ്പാർട്മെന്റിൽ എറണാകുളം വരെ യാത്ര ചെയ്യേണ്ടി വന്നു..ഈസ്റ്റർ ആയത് കൊണ്ട് നല്ല തിരക്കും, നിക്കാൻ പോലും സ്ഥലമില്ല… എനിക്ക് ചെറിയൊരു സീറ്റ് കിട്ടിയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു ഇരിക്കുവായിരുന്നു.. എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല.. ഏകദേശം തൃശൂർ അടുത്തപ്പോൾ ആണ് തിരക്കിനിടയിൽ നിന്നും ഒരു കൈ എന്റെ പുറകിലൂടെ വരുന്നതായി ഒരു ഫീൽ, ആദ്യം ഞാൻ കരുതി തിരക്കിനിടയിൽ അറിയാതെ തട്ടി പോയത് ആയിരിക്കും… കാരണം അത്ര തിരക്കാണ്, പിന്നെ പിന്നെ ആ കൈ പുറകിലൂടെ എന്റെ വയറിലേക്ക് വരാൻ തുടങ്ങി.. സകല നിയന്ത്രണവും പോയി എങ്കിലും ഞാൻ എന്നെ ആശ്വസിപ്പിച്ചു തിരിഞ്ഞു നോക്കി, ആരാണെന്ന് അറിയാതെ എങ്ങനെ പ്രതികരിക്കും…ആരാണെന്ന് മനസ്സിലാകുന്നില്ല…
വീണ്ടും ആ കൈ വന്നു ഇത്തവണ ഞാൻ ആ കൈയിൽ കേറി പിടിച്ചു ആളെ കിട്ടി.. ആ ആളാണ് ഈ പോലീസുകാർക്കൊപ്പം ഉള്ളയാൾ… ഇനിയാണ് കാര്യം.. ട്രെയിനിൽ നല്ല രീതിയിൽ ബഹളം വെച്ചെങ്കിലും കൂടെയുള്ളവർ എല്ലാം നമ്മുടെ ഡയലോഗ് കേട്ട് ചിരിയും ഒരു അടികൂടെ കൊടുക്ക് ചേച്ചി എന്ന കമന്ററിയും മാത്രം…അനുവാദം ഇല്ലാതെ ഒരുത്തൻ ശരീരത്തിൽ തൊട്ടതും സങ്കടവും ദേഷ്യവും എല്ലാം കൊണ്ട് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു… കൂടെയുള്ള സഹയാത്രികരുടെ തുറിച്ചു നോട്ടവും നേരെ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യം പറഞ്ഞു..സത്യം പറഞ്ഞാൽ വല്ല്യ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചത്, എന്നോട് ഡീറ്റെയിൽസ് എല്ലാം ചോദിച്ച ശേഷം ഇപ്പോ തന്നെ തിരിച്ചു വിളിക്കാം ഒന്ന് കൊണ്ടും പേടിക്കേണ്ട എന്ന് പറഞ്ഞു, ആ കാൾ കട്ട് ആയി ഒരു മിനിറ്റ് പോലും ആയില്ല അതിനു മുൻപേ റെയിൽവേ പോലീസിൽ നിന്നും കാൾ വരുന്നു… പിന്നീട് അങ്ങോട്ട് എത്രയോ കാളുകൾ…
അങ്കമാലി എത്താറായപ്പോൾ ആ ട്രെയിനിൽ തന്നെ പോലീസ് ഉണ്ട്, ആളു ചാടി പോകാതെ നോക്കു എന്ന് പറഞ്ഞു ഒരു കാൾ വന്നു, അതിന് പിന്നാലെ ട്രെയിനിൽ ഉള്ള പോലീസുകാർ വിളിച്ചു അങ്കമാലി എത്തും വരെ കോൾ കട്ട് ചെയ്യണ്ട എന്ന് പറഞ്ഞതിനൊപ്പം ആ സമയത്തെ എന്റെ മാനസിക അവസ്ഥ മനസിലാക്കിയിട്ടാവണം അവരെന്റെ കൂടെ നിന്നു.. അങ്കമാലി എത്തിയപ്പോൾ അവർ കൃത്യമായി വരികയും അടുത്ത സ്റ്റേഷൻ ആയ ആലുവ ഇറങ്ങി.. പോലീസിനെ കണ്ടപാടെ അയാൾക്ക് തളർച്ചയും വിറയലുമൊക്കെ, അവിടെ നിന്നും അയാളുടെ ഡീറ്റെയിൽസും മറ്റും ചോദിച്ചു തുടങ്ങുമ്പോഴേക്കും ആലുവ സ്റ്റേഷനിൽ നിന്നും സി ഐ സാർ വന്നു,പിന്നെ നേരെ സ്റ്റേഷനിലേക്ക്…
മോശം അനുഭവം ഉണ്ടായത് എനിക്ക്, പോലീസ് വരും വരെ ഞാൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെയായിരുന്നു കാഴ്ച്ചക്കാരായി നിന്ന പലർക്കും.. എന്തൊരു അവസ്ഥ ആണെന്നോ.. ഒരു വിളിക്കപ്പുറം പോലീസിൽ നിന്നും ഉണ്ടായ ഈ ഒരു സഹകരണം, പിന്തുണ എത്ര പറഞ്ഞാലും മതിയാവില്ല, ആ സമയം അങ്ങനെ ഒരു വിളി വിളിക്കാൻ തോന്നിയില്ലേൽ അവൻ അടുത്ത ട്രെയിനിൽ കേറി വീണ്ടും അടുത്ത പെണ്ണിനോട് ഇത് തന്നെ ആവർത്തിച്ചേനെ…നമുക്ക് ഉണ്ടാകുന്ന ട്രോമായൊന്നും ഇവന്മാർക്ക് മനസിലാവില്ലല്ലോ