KeralaNews

ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ‘ഷോ’ കാണിക്കരുത്! തന്നെ തിരിച്ചറിയാതിരുന്ന പാറാവുകാരിയെ ട്രാഫിക് ഡ്യൂട്ടിക്കിട്ട ഡി.സി.പിയ്ക്ക് താക്കീത്

കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവ് നില്‍ക്കുകയായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിയെടുത്ത സംഭവത്തില്‍ താക്കീതുമായി ആഭ്യന്തര വകുപ്പ്. സംഭവം വിവാദമായതോടെയാണ് ഡിസിപി ഐശ്വര്യ ഡോങ്റെയെ ആഭ്യന്തര വകുപ്പ് താക്കീത് ചെയ്തത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുത് എന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഐശ്വര്യ മഫ്തിയില്‍ എറണാകുളം നോര്‍ത്തിലുള്ള വനിത പോലീസ് സ്റ്റേഷനില്‍ അടിയന്തര സന്ദര്‍ശനത്തിനെത്തുന്നത്. വാഹനം നോര്‍ത്ത് സ്റ്റേഷനു മുന്നില്‍ പാര്‍ക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. ആരേയും കൂസാതെ അധികാര ഭാവത്തില്‍ സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയ യുവതിയെ പാറാവുനിന്ന വനിത പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലേ എന്ന് തിരിച്ചടിക്കുകയും പിന്നീട് വിശദീകരണം തേടുകയുമായിരുന്നു. വാഹനത്തില്‍ വന്നതു കണ്ടില്ലെന്നും സിവില്‍ വേഷത്തിലായതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ ഇവരെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ഇതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. അതേസമയം, കൊച്ചി സിറ്റി പോലീസില്‍ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥയെ എങ്ങനെ തിരിച്ചറിയുമെന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്. സാധാരണ നടത്താറുള്ള പരേഡുപോലും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല, പിന്നെങ്ങനെയാണ് സിവില്‍ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥയെ മനസിലാകുക എന്നാണ് പോലീസുകാരുടെ ചോദ്യം.

പോലീസ് സ്റ്റേഷനില്‍ നിന്നും കുറച്ചുമാറി പാര്‍ക്കു ചെയ്ത വാഹനം വനിതാ പോലീസ് സ്റ്റേഷനിലെ പാറാവുകാരി കാണാനുള്ള സാധ്യത വളരെ കുറവാണ്. കുറച്ച് ഉള്ളിലായാണ് വനിത സ്റ്റേഷനിലെ പാറാവുകാര്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ അല്‍പം മാറി പാര്‍ക്കു ചെയ്ത് ഇറങ്ങി വരുന്ന മേലുദ്യോഗസ്ഥയെ തിരിച്ചറിയണമായിരുന്നു എന്ന ഡിസിപിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദ വിവരങ്ങള്‍ ആരാഞ്ഞ ശേഷം അകത്തു പ്രവേശിപ്പിക്കുന്നത് അഭിനന്ദിച്ചിരുന്നെങ്കില്‍ ഡിസിപിയെ എല്ലാവരും അംഗീകരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. പകരം കൊച്ചിയില്‍ ചുമതലയേറ്റത് എല്ലാവരെയും അറിയിക്കുന്ന രീതിയില്‍ നടത്തിയ ഷോ കുറച്ചു കടന്നകൈയ്യായി പോയെന്നാണ് പോലീസിനകത്തെ പൊതു സംസാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker