തിരുവനന്തപുരം: വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തൃശൂർ മുതൽ അരൂർ വരെയുള്ള റോഡിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ നേരിട്ടെത്തി പരിശോധന നടത്തും. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം.
തൃശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോരിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടാകും. നാളെ രാവിലെ പത്ത് മണിക്ക് ചാലക്കുടിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. തൃശൂർ, എറണാകുളം ജില്ലാ കളക്‌ടർമാരും മന്ത്രിയുടെ ഒപ്പമുണ്ടാകും.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സിഗ്‌നൽ ജംഗ്ഷനായ വൈറ്റിലയിൽ മേല്പാലം വന്നിട്ടും അഴിയാത്ത ഗതാഗതക്കുരുക്കാണ്. അരൂർ- ഇടപ്പള്ളി ബൈപ്പാസിലെ മേല്പാലത്തിലൂടെ സുഗമമായ ഗതാഗതം നടക്കുമ്പോൾ താഴെയുള്ള ജംഗ്ഷൻ കുത്തഴിഞ്ഞ സ്ഥിതിയിലാണ്. ഏപ്പോഴും അപകടമുണ്ടാകാവുന്ന സ്ഥിതിയാണിവിടെ.
കണിയാമ്പുഴ റോഡിൽനിന്ന് പ്രവേശിക്കുന്ന ഭാഗത്തെ സിഗ്നൽ ലൈറ്റ് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. വൈറ്റില ഹബ്ബിലേക്കുള്ള ബസുകളുടെ പ്രവേശനമാർഗം കൂടിയായ ഇവിടെ ബസുകളുടെ അമിതവേഗം അമ്പരപ്പിക്കുന്ന കാഴ്ചയാണ്. ജീവൻ പണയംവച്ചാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്.
കുരുക്കുണ്ടാക്കുന്നത്
1. ഇടപ്പള്ളിയിൽനിന്നുവരുന്ന വാഹനങ്ങൾ മേല്പാലംകയറി ഡെക്കാത്തലണിനുമുന്നിൽവന്ന് യൂടേണെടുത്ത് ഫ്രീലെഫ്റ്റിൽ എത്തി വേണം എറണാകുളം ഭാഗത്തേക്കുപോകാൻ. ഇതറിയാതെ വാഹനങ്ങൾ വൈറ്റില സിഗ്നൽജംഗ്ഷനിൽ എത്തുമ്പോൾ കുരുക്കിലാകും. പിന്നെ ഏകവഴി പവർഹൗസ് ജംഗ്ഷനിലെത്തി വലത്തേക്കുതിരിഞ്ഞ് ഹൈവേയിലേക്ക് കയറി ഡെക്കാത്തലണിനു മുന്നിലെത്തണം.
നേരത്തെ ഇടപ്പള്ളിയിൽനിന്ന് വരുന്ന വാഹനങ്ങൾ കണിയാമ്പുഴ റോഡിലേക്കിറങ്ങി യൂടേണെടുത്ത് സിഗ്നൽജംഗ്ഷനിലൂടെ നേരിട്ട് കടവന്ത്രയിലേക്ക് പോകാമായിരുന്നു.
2. ആലപ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് വൈറ്റില ഹബ്ബിലേക്ക് പോകുന്നതിന് സിഗ്നൽ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് അമ്പലം ജംഗ്ഷനിലെത്തി അവിടെനിന്ന് ഹബ്ബിലേക്ക് കയറി കണിയാമ്പുഴ റോഡിലെത്തണം.
3. കോട്ടയം ഭാഗത്തുനിന്നുവരുന്ന ബസുകൾക്ക് ഹബ്ബിലേക്ക് പോകണമെങ്കിലും പവർഹൗസ് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് ഡെക്കാത്തലണിന് മുന്നിലെത്തണം. കടവന്ത്ര ഭാഗത്തുനിന്നുള്ള ബസുകൾക്ക് ഹബ്ബിലേക്കോ കണിയാമ്പുഴ റോഡിലേക്കോ പ്രവേശിക്കണമെങ്കിൽ സിഗ്നൽജംഗ്ഷൻ ക്രോസുചെയ്ത് വലത്തേക്കുതിരിഞ്ഞ് അമ്പലം ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം. കണിയാമ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് നേരിട്ട് കടവന്ത്രയ്ക്കും ഇടപ്പള്ളിക്കും തിരിയാമെന്നത് മാത്രമാണ് ഗുണം.
4. ഹബ്ബിനുപുറത്തെ റോഡുപണി നടക്കുന്നതിനാൽ അമ്പലംജംഗ്ഷനിൽ നിന്നെത്തുന്ന വാഹനങ്ങൾ മെട്രോസ്‌റ്റേഷന് സമീപത്തുകൂടി ഇടത്തേക്കുതിരിഞ്ഞ് കണിയാമ്പുഴ റോഡിലേക്ക് ഇറങ്ങുന്നത് ഈ ഭാഗത്തും കുരുക്കുണ്ടാക്കുന്നു.
വൈറ്റില സിഗ്‌നൽ ജംഗ്ഷനിൽ നിലവിലെ മേല്പാലത്തിനുപകരം റൗണ്ട് എബൗട്ട് നിർമ്മിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേനേയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലവിധ താത്പര്യങ്ങൾ കൊണ്ടാണ് സ്ഥലമേറ്റെടുക്കൽ ഒഴിവാക്കി ഫ്ളൈഓവറിൽ പണി നടത്തിയത്. ഇതിന് മുകളിലൂടെയാണ് മെട്രോപ്പാത. അതിനാൽ ഇനിയൊരു വികസനം എളുപ്പവുമല്ല.
റൗണ്ട് എബൗട്ടിനായി സർവേകൾ കഴിഞ്ഞെങ്കിലും എന്താണ് ഇതിന്റെ ഭാവിയെന്ന് വ്യക്തമായിട്ടില്ല. മന്ത്രിയും എം.പിയും ജനപ്രതിനിധികളും എൻ.എച്ച്.എ.ഐ അധികൃതരും പങ്കെടുത്ത സ്ഥലപരിശോധനയും നടന്നിരുന്നു.